നവീൻ ബാബുവിൻ്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ  ഹൈക്കോടതി നിർദേശം

0

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് പരിഗണിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിൻ്റെ ഭാര്യ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

നവീൻ ബാബുവിൻ്റെ മരണത്തിൽ നടക്കുന്ന അന്വേഷണത്തിൻ്റെ കേസ് ഡയറിയും ഫയലും ഹാജരാക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചു. അതേസമയം പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയാനായി ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്തിമ റിപ്പോർട്ട് സമർപ്പിച്ചാലും തുടർനടപടിയെടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് വീണ്ടും പരിഗണിക്കാനായി ഡിസംബർ ആറാം തീയതിയിലേക്ക് മാറ്റിവെച്ചു.

നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയാണെന്ന പോലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണോ എന്നും സംശയിക്കുന്നുവെന്നും ഭാര്യ ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിലുണ്ടായ പാളിച്ചകളും കേസിലെ പ്രതിയായ പിപി ദിവ്യയുടെ രാഷ്ട്രീയ സ്വാധീനവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. ഈ മാസം ആറിനകം കേസ് ഡയറി സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. കേസിൽ സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദേശം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *