എഡിഎമ്മിന്‍റെ മരണം സിബിഐ അന്വേഷിക്കണം: വിഡി സതീശൻ

0

കൊച്ചി: എഡിഎമ്മിന്‍റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്‍റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും. സര്‍ക്കാരും സിപിഎമ്മും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്‍റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ. അന്വേഷണം പ്രഹസനമാണെന്നാണ് അവര്‍ ആരോപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഉത്തരവ് പോലും ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാനാണ് പോലീസും ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് ഒരു അന്വേഷണവുമില്ല. നവീന്‍ ബാബുവിന്‍റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെയാണ് പ്രതിയായ പിപി ദിവ്യ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ സ്വന്തം ഭാര്യയെ അയച്ചത്. ഇത് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ്.

അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊരു കൊലപാതകമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കളി അവസാനിപ്പിച്ച് നവീന്‍ ബാബുവിന്‍റെ ഭാര്യ കുടുംബം ആവശ്യപ്പെടുന്നതു പോലെ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം. ഇത്തരം വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് സിബിഐ അന്വേഷണത്തിന് സമ്മതിക്കുന്നതായിരുന്നു പതിവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *