കൊല്ലം – എറണാകുളം മെമു സർവീസ് വെള്ളിയാഴ്ച അവസാനിക്കും
കൊച്ചി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൊല്ലം – എറണാകുളം മെമു സ്പെഷ്യലിന്‍റെ സർവീസ് അവസാനിക്കുന്നു. ഒക്ടോബർ എഴുമുതൽ നവംബർ 29 വരെയായിരുന്നു ദക്ഷിണ റെയിൽവേ കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് മെമു അനുവദിച്ചത്. മികച്ച പ്രതികരണം ലഭിക്കുന്ന പാസഞ്ചർ ട്രെയിൻ നീട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് യാത്രക്കാർ. എന്നാൽ സർവീസ് അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴും പുതിയ ഉത്തരവിറങ്ങാത്തത് ആശങ്കയാകുന്നുണ്ട്.
06169/70 കൊല്ലം – എറണാകുളം – കൊല്ലം സ്പെഷ്യൽ സർവീസ് ദീർഘിപ്പിക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള ട്രെയിനുകളിലെ അനിയന്ത്രിത തിരക്കുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായതോടെയാണ് യാത്രാദുരിതം പരിഹരിക്കാൻ മെമു അനുവദിക്കുന്നത്.
ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ട്രെയിനിന് ലഭിച്ചത്. മെമു വൈകാതെ സ്ഥിരപ്പെടുത്തുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇതുവരെയും പ്രഖ്യാപനം വന്നില്ല. കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ സർവീസ് നീട്ടുന്നെന്ന പ്രഖ്യാപനവും വരാത്തതാണ് യാത്രക്കാരെ ആശങ്കപ്പെടുത്തുന്നത്.