പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം

0

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ്  ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ മുങ്ങി.

രാഹുൽ തന്നെ പന്തീരാങ്കാവിലെ വീട്ടിൽവെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലൻസിൽവെച്ചും മർദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയിൽ യുവതി നൽകിയ മൊഴി.

എന്നാൽ, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവർ എഴുതി നൽകി.പന്തീരാങ്കാവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.

സംഭവമറിഞ്ഞ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ കോഴിക്കോട്ടേക്കുപുറപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *