പ്രതിപക്ഷ ബഹളച്ചൂടിൽ ശീതകാല സമ്മേളനത്തിന് തുടക്കം
ന്യുഡൽഹി: അദാനിവിഷയം ഉന്നയിച്ചുള്ള ബഹളത്തോടെ ഇന്നാരംഭിച്ച ലോകസഭ-രാജ്യസഭാ ശീതകാല സമ്മേളനം ബുധനാഴ്‌ച്ചവരെ പിരിഞ്ഞു.
സമ്മേളനത്തിന് മുമ്പ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിൽ അദാനി ഗ്രൂപ്പിനെതിരായ കോഴ ആരോപണങ്ങളും മണിപ്പൂരിലെ സ്ഥിതിഗതികളും കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചു . ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ലോക്‌സഭാ സ്പീക്കറുടെ സമ്മതത്തോടെ പാർലമെൻ്റിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളിൽ സഭകളുടെ അതത് ബിസിനസ് ഉപദേശക സമിതികൾ തീരുമാനമെടുക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.ഭരണഘടനാ ദിനം ആചരിക്കുന്ന 26 ന് ലോക്സഭയുടെയും രാജ്യസഭയുടെയും സിറ്റിംഗുകൾ ഉണ്ടായിരിക്കില്ല.
സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉൾപ്പെടെ കഴിഞ്ഞ സമ്മേളനകാലത്തിന് ശേഷം അന്തരിച്ച അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷം സഭ ഇന്നത്തേക്ക് പിരിയാനായിരുന്നുനേരത്തെ തീരുമാനിച്ചിരുന്നത്. അത് പ്രകാരം അനുശോചന സമ്മേളനം നടത്തി പിരിയാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം അദാനിവിഷയം ഉന്നയിച്ച് ബഹളമാരംഭിച്ചു.രാജ്യസഭയിൽ മല്ലികാർജ്ജുന ഖാർഗെയും ഇതേ വിഷയം അവതരിപ്പിച്ചു. സഭ നിർത്തിവെച്ചുകൊണ്ട് തന്നെ ഈ വിഷയം ചർച്ചചെയ്യണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ ചെയർമാൻ ഉപരാഷ്ട്രപതി ജഗദീഷ് പാൻകാർ നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം ഉയർത്തി. തുടർന്ന് പതിനഞ്ചുമിനുട്ടു നേരത്തേക്ക് രാജ്യസഭാ പിരിച്ചു വിട്ടു.
അദാനി വിഷയം ഉയർത്തികൊണ്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഏതാനും നിമിഷങ്ങൾമാത്രമാണ് ഇന്ന് ഇരു സഭകളും സമ്മേളിക്കാൻ സാധിച്ചത്.ഇനി ബുധനാഴ്ച സഭ പുനരാരംഭിക്കും.നാളെ ഭരണഘടനാ ദിനം ആഘോഷിക്കുന്നതുകൊണ്ട് സഭാസമ്മേളനങ്ങൾ നടക്കില്ല. നാളെ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് I.N.D.I.A സഖ്യ നേതാക്കൾ സ്‌പീക്കർ ഓംബിർളയ്‌ക്ക് കത്തുനല്കിയിട്ടുണ്ട്.