സംഭാലിലെ പോലീസ് വെടിവെപ്പ് : അധികാര ദുർവിനിയോഗം – ഒവൈസി
ന്യൂഡൽഹി :ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലുണ്ടായ അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി തിങ്കളാഴ്ച ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി.
“ സംഭാലിൽനടന്ന പോലീസ് വെടിവെപ്പിൽ മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടത്. അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം കൃത്യമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് ഞാൻ ലോകസഭാ സെക്രട്ടറി ജനറലിന് നൽകിയത് .ആർട്ടിക്കിൾ 19 (1) പ്രകാരം ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ മൗലികാവകാശം അവർ വിനിയോഗിക്കുകയായിരുന്നു. അവർക്കെതിരെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഈ വിഷയം അടിയന്തര പൊതു പ്രാധാന്യമുള്ള വിഷയമാണ്, പൗരന്മാർക്കെതിരായ പോലീസ് അധികാര ദുർവിനിയോഗം പാർലമെൻ്റ് ചർച്ച ചെയ്യണം.”
സെക്രട്ടറി ജനറലിന് നൽകിയ കത്തുവായിച്ചുകൊണ്ട് ഒവൈസി മാധ്യമങ്ങളെ അറിയിച്ചു.
ഇന്നലെയാണ്, ഉത്തർപ്രദേശ് സംഭാലിൽ ഷാഹി ജുമാമസ്ജിദിൻ്റെ സർവേ നടത്തുന്നതിനിടയിൽ സംഘർഷമുണ്ടായത് . പിന്നീട് വലിയ തോതിലുള്ള തീവെപ്പും അക്രമങ്ങളുമുണ്ടായി. പോലീസ് വെടിവെപ്പിൽ മൂന്നു യുവാക്കൾ മരണപ്പെടുകയുമുണ്ടായി.
“വെടിവെയ്പിൽ പോലീസ് പിആർഒയുടെ കാലിനും വെടിയേറ്റു. ഡെപ്യൂട്ടി കളക്ടറുടെ കാലിന് പൊട്ടലുണ്ടായി. സർക്കിൾ ഓഫീസർക്ക് (സിഒ) പരിക്കേറ്റു. കോടതി നിർദ്ദേശപ്രകാരം രാവിലെ 7 നും 11 നും ഇടയിലാണ് സർവേ നടത്തിയത്. വേണ്ടത്ര പോലീസിനെ വിന്യസിച്ചതോടെ നടപടികൾ ആദ്യം സമാധാനപരമായിരുന്നു. എന്നാൽ, ചിലർ കല്ലേറുണ്ടായതോടെ പോലീസ് ഇവരെ പിരിച്ചുവിട്ടു. തുടർന്ന്, 2000-3000 പേരടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി വീണ്ടും കല്ലെറിയാൻ തുടങ്ങി,” ഡിവിഷണൽ കമ്മീഷണർ സിംഗ് പറഞ്ഞു. “ഇപ്പോൾ പ്രദേശം നിയന്ത്ര വിധേയമാണ്.
ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നുണ്ട്.”
മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച ഹർജിയെ തുടർന്നുണ്ടായ കോടതി ഉത്തരവനുസരിച്ചാണ് സർവേ നടന്നിരുന്നത്.