യുഎഇ ദേശീയ ദിനം: ഷാർജയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി
ഷാർജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക് ഡിസംബർ രണ്ട്, മൂന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടർന്ന് ഡിസംബർ നാല്, ബുധൻ മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എന്നാൽ ഷാർജയിൽ, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതൽ ഞായർ വരെയായതിനാൽ പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം
മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാർജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും നാലു ദിവസത്തെ അവധി യുഎഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ യുഎഇ ജീവനക്കാർക്കും സമാനമായ അവധികൾ ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. പൊതു – സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി രാജ്യത്ത് നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയം എല്ലാ ജീവനക്കാർക്കും വർഷം മുഴുവനും തുല്യ ഇടവേളകൾ ഉറപ്പാക്കുന്നതായും അധികൃതർ വ്യക്തമാക്കി.