ഇന്ന് വൈക്കത്തഷ്ടമി

0

കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.

വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു. അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതൃ-പുത്ര സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു ‘വൈക്കം’ എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *