ജയിച്ചവർ ഉടൻ മുംബൈയിലേക്ക്../ ജയിക്കുമെന്ന ആത്‌മവിശ്വാസത്തോടെ രമേശ് ചെന്നിത്തല
എംവിഎയ്ക്ക് 157-162 സീറ്റുകൾ ലഭിക്കുമെന്ന് ശരദ് പവാർ
മുംബൈ: തങ്ങളുടെ വിജയിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും അതത് മണ്ഡലങ്ങളിലെ വിജയഘോഷയാത്രകൾക്കായി കാത്തിരിക്കാതെ ശനിയാഴ്ച രാത്രിയോടെ മുംബൈയിൽ എത്താൻ കോൺഗ്രസ്സ് , എൻസിപി (ശരദ് പവാർ) നേതൃത്തം ആവശ്യപ്പെട്ടു. എംവിഎയ്ക്ക് 157-162 സീറ്റുകൾ ലഭിക്കുമെന്ന് ശരദ് പവാർ പറഞ്ഞു .
വോട്ടെണ്ണൽ ദിവസം പാലിക്കേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാർട്ടികൾ ഇന്ന് (വെള്ളി) തങ്ങളുടെ സ്ഥാനാർത്ഥികളുമായി ഓൺലൈൻ മീറ്റിംഗ് നടത്തി.
യോഗത്തിൽ സ്ഥാനാർത്ഥികളുമായി സംസാരിച്ച എൻസിപി (എസ്പി) തലവൻ ശരദ് പവാർ, എംവിഎ 157 മുതൽ 162 വരെ സീറ്റുകൾ നേടുമെന്നും ‘എക്സിറ്റ് പോൾ’ ഒന്നും വിശ്വസിക്കരുതെന്ന് ആവശ്യപ്പെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അവസാന വോട്ടെണ്ണുന്നത് വരെ സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പാർട്ടി സംസ്ഥാന തലവൻ ജയന്ത് പാട്ടീൽ യോഗത്തിൽ നിർദ്ദേശം നൽകി. “വിജയിച്ചെന്നു ഉറപ്പായാൽ മാത്രം സ്ഥാനാർത്ഥികളോട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുപോകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
കൗണ്ടിംഗ് ഏജൻ്റുമാരോട് അതീവ ജാഗ്രത പാലിക്കാനും എന്തെങ്കിലും കുഴപ്പം,അത് ചെറുതാണെങ്കിലും, എതിർപ്പ് ഉന്നയിക്കണമെന്നും നിർദ്ദേശിച്ചു. ഫോറം 17 സി ഉപയോഗിച്ച് വോട്ടുകൾ തിട്ടപ്പെടുത്താനും എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉടൻ പരാതി ഉന്നയിക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്,
ഇന്ന് ഉച്ചയ്ക്ക് ശേഷം എഐസിസി മഹാരാഷ്ട്ര ഇൻചാർജ് രമേശ് ചെന്നിത്തല, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ എന്നിവരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി.ശനിയാഴ്ച വിജയിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും രാത്രി മുംബൈയിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. “സർക്കാർ രൂപീകരണത്തിന് മുൻഗണനയുണ്ട്, ആഘോഷങ്ങൾ പിന്നീട് ക്രമീകരിക്കാം,” നേതാവ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എംവിഎ ജനവിധി നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് യോഗത്തിന് ശേഷം ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.”നിയമസഭാ തെരഞ്ഞെടുപ്പിലെ വർദ്ധിച്ച വോട്ടിംഗ് ശതമാനം എംവിഎയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വ്യക്തമായ ഭൂരിപക്ഷത്തിനുള്ള സാധ്യതകൾ വർദ്ദിപ്പിക്കുന്നു.അതോടൊപ്പം തൂക്കുസഭയുടെ സാധ്യത ഇല്ലാതാക്കുന്നു,” അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് , ആ വിഷയത്തിൽ തർക്കമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മഹാ വികാസ് അഘാഡിയുടെ മുതിർന്ന നേതാക്കൾ ഒന്നിച്ചിരുന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.