ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടില്ല
ദോഹ: ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിവെച്ചത് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മ മൂലമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി. ഇതിനർഥം ദോഹയിലെ ഹമാസിന്‍റെ ഓഫീസ് അടച്ചുപൂട്ടുക എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ പ്രതിവാര ബ്രീഫിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദോഹയിലെ ഹമാസിന്‍റെ ഓഫീസ് തുറന്നിരിക്കുന്നതായി ഡോ. അല്‍ അന്‍സാരി പറഞ്ഞു, അത്തരമൊരു തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രസ്താവനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് പ്രതിനിധികളെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിലെത്തുന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ ഭാഗത്തു നിന്ന് ഗൗരവപൂര്‍വമായ സമീപനം ഉണ്ടാവുകയാണെങ്കില്‍, ഗാസയിലെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.