ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.