മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍
പുനലൂര്‍: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍. ടി.ബി. ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീലക്ഷ്മി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ വന്ന ചന്ദനത്തോപ്പ്, മാമൂട്, വയലില്‍ പുത്തന്‍വീട്ടില്‍ അനീഷ (23), ഇവരുടെ രണ്ടാം ഭര്‍ത്താവ് വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. അനീഷ് കഴിഞ്ഞ ഡിസംബര്‍ 28ന് വാളക്കോട് സ്വദേശി അശ്വതി എന്ന സ്ത്രീയുമായി വന്ന് 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും മറ്റൊരു പേരില്‍ 16 ഗ്രാം മുക്കുമുണ്ടം പണയം വയ്ക്കാന്‍ വന്നപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞുവച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഘത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കായി അന്വേഷണം പുരോഗമിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.