വിനോദ് താവ്‌ഡെ സംഭവം, സുരേഷ് പഡ് വിയെ ‘കാലുമാറ്റിയ’തിനുള്ള മറുപടി ?
വീരാർ: ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ വിരാറിലെ ഒരു ഹോട്ടലിൽ വെച്ച് പണം വിതരണം ചെയ്‌തു എന്നാരോപിച്ച് ബി.വി.എ.യുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം, ബഹുജൻ വികാസ് അഘാഡി നേതാവ് സുരേഷ് പഡ് വി ഇന്ന് ദഹാനു മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി മേധ വിനോദ് സുരേഷിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു ശേഷമുണ്ടായതാണെന്നും രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നും ഒരു വിഭാഗം വോട്ടർമാർ വിശ്വസിക്കുന്നു. ദഹാനു മണ്ഡലത്തിലെ ബി.വി.എ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് പഡ് വിയെ ബി.ജെ.പിക്കാരനാക്കിയതിൻ്റെ ഫലമാണ് താവ്‌ഡെ എപ്പിസോഡെന്ന് പാൽഘറിൽ നിന്നുള്ള നിരവധി പേർ അനുമാനിക്കുന്നുണ്ട്. ചാനലുകാരെയൊക്കെ നേരത്തെ വിളിച്ചുവരുത്തി നാലുമണിക്കൂർ താവ്‌ഡെയെ ഖൊരാവോ ചെയ്ത് നടത്തിയ നാടകം ആസൂത്രിതമാണെന്നാണ് ബിജെപിയുടെ ആരോപണം.
വോട്ടെടുപ്പിന് വെറും 24 മണിക്കൂറിൽ താഴെയുള്ളപ്പോഴാണ് പാൽഘർ ബിജെപി ജില്ലാ പ്രസിഡൻ്റ് ഭരത് രാജ് പുത്തിൻ്റെ സാന്നിധ്യത്തിൽ പഡ് വി, ബി.വി.എ സ്ഥനാർത്ഥി കുപ്പായം വലിച്ചെറിഞ് , ബിജെപിയിൽ ചേരുന്നത്.. .ബിവിഎയുടെ പാൽഘർ ജില്ലയുടെ ഡെപ്യൂട്ടി പ്രസിഡൻ്റായിരുന്നു സുരേഷ് പഡ് വി.
മഹാരാഷ്ട്രയിൽ സിപിഎമ്മിനുള്ള ഏക സിറ്റിംഗ് സീറ്റാണ് ദഹാനു. വിനോദ് നിക്കോളെ 4707വോട്ടിനാണ് 2019 ൽ ഇവിടെ നിന്നും വിജയിച്ചത് .ഇത്തവണയും വിജയപ്രതീക്ഷയിലാണ് നിക്കോളെ.