മുംബൈ നിവാസിയായ ട്രെയിൻ യാത്രക്കാരനിൽ നിന്നും 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു
പൂനെ: ഉദ്യാൻ എക്സ്പ്രസ്സിൽ പൂനയിലെത്തിയ യാത്രക്കാരനിൽ നിന്നും പൂനെ ആർപിഎഫ് ഉദ്യോഗസ്ഥർ അനധികൃതമായി കടത്തുകയായിരുന്ന 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തു.മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പാശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കർശനമായ പരിശോധനക്കിടയിലാണ് ഇന്നലെ പട്രോളിംഗ് നടത്തുകയായിരുന്ന പൂനെ ആർപിഎഫിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി.എം ഉബാലെ, എ.എസ്.ഐ സന്തോഷ് ജയ്ഭയെ, എച്ച്.സി തനാജി ഹൻവതെ, സി.ടി പ്രദീപ് ഗോയ്ക്കർ എന്നിവർ മാൽധക്ക ഗേറ്റിനു സമീപം സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടത്. ഭയന്ന് ഓടിമാറാൻ ശ്രമിച്ചപ്പോൾ ആർപിഎഫ് ഇയാളെ പിടികൂടി . തുടർന്ന്
പരിശോധിച്ചപ്പോൾ 1700 ഗ്രാം തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ ഇയാളുടെ ബാഗിൽ നിന്നും പോലീസ് കണ്ടെടുത്തു . ചോദ്യങ്ങൾക്ക് യുവാവ് കൃത്യമായി ഉത്തരം പറയാതെ വന്നപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥർ പൂനെ റെയിൽവേ RPF ആസ്ഥാനത്ത് ഇയാളെ കൊണ്ടുവരികയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കൂടുതൽ ചോദ്യം ചെയ്യുകയുമായിരുന്നു. പൂനെയിലെ ‘അരിഹന്ത് ‘ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും ബാഗിലുള്ളത് മുംബൈ സേവ്രിബസാറിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് എന്നും യുവാവ് വെളിപ്പെടുത്തി. പക്ഷെ ഇതിനുള്ള ബില്ലോ മറ്റു കാര്യങ്ങളോ ഇയാളുടെ കയ്യിലുണ്ടായിരുന്നില്ല .റായ്ഗഡ് (Dagadghum, Pabare,Mhsala )സ്വദേശിയും മുംബൈ -വഡാലയിൽ സംഗം നഗർ നിവാസിയുമാണ് പിടിയിലായ ശരദ് പാണ്ഡുരംഗ് ഗനേക്കർ (29 ). പൂനെ, ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമഹേഷ് ലോന്ദേ ആണ് കേസിൻ്റെ അന്വേഷണം നടത്തുന്നത് . ചോദ്യം ചെയ്യലിൽനിന്നും ഒഴിഞ്ഞുമാറുന്ന യുവാവിൽ നിന്നും കൂടുതൽ കാര്യങ്ങൾ കണ്ടത്തേണ്ടതുണ്ട് എന്ന് റെയിൽവേ പോലീസ് വൃത്തങ്ങൾ അറിയിച്ചു .