അബ്ദുറഹീമിന്റെ മോചനം: ഉത്തരവ് ഇന്നില്ല
റിയാദ്: കൊലപാതകക്കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്നു രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ് പുർത്തിയായിരുന്നു. എന്നാൽ മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്നാണ് നിയമസഹായ സമിതി പ്രതീക്ഷിച്ചിരുന്നത്.
റിയാദിലെ ക്രിമിനൽ കോടിതിയാണ് കേസ് പരിഗണിക്കുന്നത്. ഇത് ബെഞ്ച് തന്നെയാണ് രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുക്ക. എട്ടുമിനിറ്റോളം മാത്രമാണ് ഇന്ന് കോടതി കേസ് പരിഗണിച്ചതെന്ന് റിയാദ് നിയമസഹായസമിതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷനുമായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ പരിശോധനക്ക് ശേഷമായിരിക്കും കോടതി മോചനഉത്തരവ് ഇറക്കുക.
റഹീമിന്റെ അഭിഭാഷകൻ ഉസാമ അൽ അംബർ, എംബസി ഉദ്യോഗസ്ഥൻ യുസുഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധിയായ സിപി തുവൂർ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരായത്. കഴിഞ്ഞ മാസം 21 ന് സമാനരീതിയിൽ കേസിന്റെ സിറ്റിംഗ് നടന്നിരുന്നു.
സൗദിയിലുണ്ടായിരുന്ന റഹീമിന്റെ ഉമ്മയും സഹോദരനും നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.