സീപ്ലെയിൻ, മത്സ്യത്തൊഴിലാളികൾ സമരത്തിലേക്ക്

0

ആലപ്പുഴ: സീപ്ലെയിൻ പദ്ധതിക്കെതിരായ സമരപരിപാടികൾക്ക് രൂപം നൽകാൻ മത്‍സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഇന്ന് ആലപ്പുഴയിൽ. കളപ്പുര ഗസ്റ്റ് ഹൗസിൽ വെച്ച് രാവിലെ 10.30നാണ് യോഗം. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സീപ്ലെയിൻ കായലിലേക്ക് വന്നാൽ എതിർക്കുമെന്ന് നേരത്തെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞിരുന്നു. പദ്ധതി കായലിലേക്ക് കൊണ്ടു വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ട് വെക്കുന്നത്.

2013ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതിയാണ് സീപ്ലെയിന്‍. അന്ന് സിഐടിയു, എഐടിയുസി പിന്തുണയോടെ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന സെസ്‌ന 206 അംഫിബിയസ് ചെറുവിമാനമാണ് 2013 ജൂണ്‍ രണ്ടിന് കൊല്ലം അഷ്ടമുടിക്കായലില്‍ പറന്നിറങ്ങാൻ പദ്ധതിയിട്ടിരുന്നത്. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു അന്ന് കന്നിപ്പറക്കല്‍ നിശ്ചയിച്ചിരുന്നതെങ്കിലും വഞ്ചി നിരത്തിയും വല വിരിച്ചും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു.

ഇതേ പദ്ധതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാകും, പാരിസ്ഥിതിക ഭീഷണി, പൊതു തണ്ണീര്‍ത്തടങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും ഡാമുകളും സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതപ്പെടുന്നു, സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല, മത്സ്യആവാസ വ്യവസ്ഥയ്ക്ക് ഹാനികരം തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു അന്ന് പ്രതിഷേധം ഉയർന്നത്. പദ്ധതി വീണ്ടുമെത്തുമ്പോഴും ആശങ്കകളില്‍ മാറ്റമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *