വിവാഹ മണ്ഡപം ഒരുങ്ങി… സമൂഹ വിവാഹം ഇന്ന്

0

മുപ്പത് യുവതീയുവാക്കളുടെ വിവാഹ സ്വപ്നങ്ങൾ, കേരളീയ സമാജം ഡോംബിവ്‌ലിയുടെ സഹായത്തോടെ ഇന്ന് സാക്ഷാത്‌കരിക്കപ്പെടുന്നു!

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ‘സമൂഹ വിവാഹം’ നാളെ (നവംബർ 17,ഞായറാഴ്ച്ച) രാവിലെ 10 മണിമുതൽ കമ്പൽപാഡയിലുള്ള മോഡൽ കോളേജ് അങ്കണത്തിൽ വെച്ച് നടക്കും. വിവാഹത്തിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മുപ്പത് യുവതീയുവാക്കളുടെ മംഗല്യ സ്വപ്നങ്ങൾ ഇതോടെ യാഥാർഥ്യമാകും.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അർഹതപ്പെട്ടവരെ കണ്ടെത്തിയാണ് സമൂഹവിവാഹം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ അറിയിച്ചു.സഹായ മനസ്ക്കരായ വ്യക്തികളുടെയും മറ്റ് സംഘടനകളുടെയും സാമ്പത്തിക സഹകരണത്തിലൂടെയാണ് നിർധനരായ മുപ്പതുപേർക്ക് പുതു ജീവിതം സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. . ഇവർക്ക് മതാചാരപ്രകാരം വിവാഹം കഴിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞെന്നും വർഗ്ഗീസ് ഡാനിയൽ അറിയിച്ചു.

അംഗസംഖ്യ കൊണ്ട് ഏഷ്യയിലെതന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയാണ്‌ കേരളീയ സമാജം ഡോംബിവ്‌ലി. ഒരു വർഷം നീണ്ടുനിൽക്കുന്ന സമാജത്തിൻ്റെ ‘പ്ലാറ്റിനം ജൂബിലി’ ആഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ പറഞ്ഞു.സമാജത്തിൻ്റെ കീഴിലുള്ള മോഡൽ സ്‌കൂൾ ,മോഡൽ കോളേജ് എന്നിവകളിലൂടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുമ്പോൾ തന്നെ, സാമൂഹ്യ പ്രതിബദ്ധതയോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കേരളീയസമാജം ഡോംബിവ്‌ലി വർഷങ്ങളായി ചെയ്തു വരുന്നുണ്ട് .അതോടൊപ്പം കലാസാംസ്കാരിക രംഗത്തും സംഘടന സജീവമാണ് .

സമാജം അംഗങ്ങളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള സാമ്പത്തിക സഹായം സമാജം നൽകുന്നുണ്ട് . തയ്യൽ പരിശീലനം ,മറാത്തി ഭാഷാ പഠനം ,ആയോധന കലകൾ ,സംഗീത സംബന്ധിയായ പരിശീലന ക്ളാസ്സുകൾ തുടങ്ങിയവും സമാജത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്നും രാജശേഖരൻനായർ പറഞ്ഞു.സർക്കാറിൻ്റെ പദ്ധതികൾ അംഗങ്ങൾക്ക് ഉപകാരപ്പെടുത്താനും ആവശ്യഘട്ടങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും സാമൂഹ്യക്ഷേമസമിതി ,ദ്രുതകർമ്മ സേന തുടങ്ങിയ സബ്‌കമ്മിറ്റികൾ രൂപീകരിച്ച്‌ പ്രവർത്തിച്ച വരുന്നുണ്ടെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :9820024255,8779887933,9820886717

Spread the love

Leave a Reply

Your email address will not be published. Required fields are marked *