മണിപ്പൂരിലെ സ്ഥിതി വഷളാകുന്നു: മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു

0

ഇംഫാല്‍: ജിരിബാം ജില്ലയില്‍ കൊല്ലപ്പെട്ട മൂന്ന് വ്യക്തികള്‍ക്ക് നീതി തേടി മണിപ്പൂരിലെ ഇംഫാലില്‍ പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി.

സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെ സ്വതന്ത്ര നിയമസഭാംഗമായ സപം നിഷികാന്ത സിങ്ങിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പ്രതിഷേധക്കാര്‍ അദ്ദേഹം സംസ്ഥാനത്ത് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രത്തിന്റെ ഓഫീസ് കെട്ടിടം ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ, മണിപുര്‍ -അസം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണങ്ങള്‍ ഇംഫാല്‍ വെസ്റ്റ് ഭരണകൂടത്തെ ജില്ലയില്‍ അനിശ്ചിതകാല നിരോധന ഉത്തരവുകള്‍ നടപ്പാക്കാന്‍ പ്രേരിപ്പിച്ചു.മൂന്ന് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പൊതുജനങ്ങളുടെ വികാരം മാനിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ മന്ത്രി രാജിവെക്കുമെന്നും സപം ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായി ലാംഫെല്‍ സനാകീഥെല്‍ വികസന അതോറിറ്റിയുടെ പ്രതിനിധി ഡേവിഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി എല്‍ സുശീന്ദ്രോ സിങ്ങിന്റെ വസതിയും പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്രമസമാധാന നില വഷളായതിനെ തുടര്‍ന്ന് അക്രമം രൂക്ഷമായ ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജിരിബാമില്‍ മൃതദേഹം കണ്ടെത്തിയ ആറ് പേരെ കൊലപ്പെടുത്തിയതിനെതിരെ പുതിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *