വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റില്‍
ഹൈദരാബാദ്: വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. തെലുങ്കരെ അപകീര്‍ത്തിപെടുത്തിയ കേസിലാണ് നടിയെ ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ പൊലീസാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ നടി പൊലീസിന്റെ പിടിയിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ, നടിയെ അറസ്റ്റ് ചെയ്യാന്‍ രണ്ട് പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലായത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പരിപാടിക്കിടെയാണു കസ്തൂരിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പരാമര്‍ശത്തില്‍ താരം മാപ്പു പറഞ്ഞെങ്കിലും വിവാദമൊഴിഞ്ഞിരുന്നില്ല.