സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക്
പാലക്കാട്: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഞായറാഴ്ച പാണക്കാടെത്തും. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു സന്ദീപ് വാര്യര്‍. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.
വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയില്‍ നിന്ന് സ്‌നേഹം താന്‍ പ്രതീക്ഷിച്ചുവെന്നും എന്നാല്‍ പലഘട്ടത്തിലും സ്‌നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയില്‍ ഉള്ളത്. അവിടെ അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്‌നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളില്‍ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.
പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ വേണ്ടി സകല സാധ്യതകളും താന്‍ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.