കല്യാണിൽ സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മയും കൂട്ടാളികളും അറസ്റ്റിൽ
കല്യാൺ റെയിൽവേ പാലത്തിനു സമീപം സമീപം ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന ദിപാലി അനിൽ ദുസിംഗ് ആണ് 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ 4 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അറസ്റ്റിലായത്. കുട്ടിയുടെ അമ്മയടക്കം നാല് പേരെ താനെ ആൻ്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് (എഎച്ച്ടിയു) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കല്യാൺ വെസ്റ്റിലെ സഹജാനന്ദ് ചൗക്കിൽ വച്ചായിരുന്നു അറസ്റ്റ്.
അമ്മ ദിപാലി അനിൽ ദുസിംഗ് (27), ഇടനിലക്കാരിയായ വൈശാലി കിഷോർ സോനവാനെ (35), കൂട്ടാളി രേഖ ബാലു സോനവാനെ (32), ഓട്ടോറിക്ഷാ ഡ്രൈവറായ കിഷോർ രമേഷ് സോനവാനെ (34) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ ദീപാലി തീരുമാനിച്ചത്. താനെ പൊലീസിലെ Anti-Human Trafficking Unit (AHTU)ആണ് ഇവരെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എഎച്ച്ടിയുവിലെ സീനിയർ ഇൻസ്‌പെക്ടർ ചേത്‌ന ചൗധരിയും സബ് ഇൻസ്‌പെക്ടർ സ്‌നേഹൽ ഷിൻഡെയും ചേർന്ന് കുട്ടിയെ വാങ്ങുന്നയാൾ എന്ന നിലയിൽ, ഒരു ഇടനിലക്കാരിയായ വൈശാലിയെ ബന്ധപ്പെടുകയും ഇടപാടിനായി വൈശാലി സഹജാനന്ദ് ചൗക്കിന് സമീപം വിളിക്കുകയുമായിരുന്നു. കുട്ടിയുമായി റിക്ഷയിൽ എത്തിയപ്പോഴാണ് സംഘത്തെ പോലീസ് പിടികൂടുന്നത്.
ദീപാലിയ്ക്ക് – 5 വയസ്സുള്ള ഒരു മകനും 7 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺമക്കളും ഉണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളെ കണ്ടെത്തിയ പോലീസ് , ആൺകുട്ടിയെ ഡോംബിവ്‌ലി എംഐഡിസിയിലെ ജനനി ആശിഷ് ബൽഗൃഹത്തിലും രണ്ട് പെൺകുട്ടികളെ അംബർനാഥിലെ നീല ബൽസദനിലും പാർപ്പിച്ചിരിക്കുകയാണ്.
പിടിയിലായവരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വകുപ്പുകൾ പ്രകാരം മഹാത്മാ ഫൂലെ പോലീസ് കേസെടുത്തിരിക്കുകയാണ്.