ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി
അൽ ഐൻ: സായിദ് II മിലിട്ടറി കോളേജിലെ 48-ാമത് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുഎഇയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി. അൽ ഐനിലെ കോളേജ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ, സൈനിക വിജ്ഞാനം, വൈദഗ്ധ്യം, സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ എന്നിവയുടെ കൈമാറ്റം വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. സുരക്ഷാ സേനയുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, വിപുലമായ കഴിവുകളും നൽകി സജ്ജരാക്കാൻ നേതൃത്വം പ്രതിജ്ഞാബദ്ധമാണ്, ശൈഖ് മുഹമ്മദ് പറഞ്ഞു. സായിദ് II മിലിട്ടറി കോളേജിൽ നിന്നുള്ള പുതിയ കേഡറ്റുകളുടെ ബിരുദദാനത്തിൽ പങ്കെടുത്തവർ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അഭിനന്ദനങ്ങൾ അറിയിച്ചു. ബിരുദധാരികൾക്ക് മികച്ച സൈനിക പരിജ്ഞാനവും പരിശീലനവും നൽകിയതിന് കോളേജിനെ അവർ പ്രശംസിച്ചു. യോഗത്തിൽ പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് മുബാറക് ഫദേൽ അൽ മസ്റൂയി, യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇസ സെയ്ഫ് അൽ മസ്റൂയി എന്നിവർ പങ്കെടുത്തു.