സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണമുയരുന്നു
സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. വിവിധ നഗരങ്ങള്‍ക്കുള്ളില്‍ മാത്രമുള്ള ട്രെയിന്‍ സര്‍വിസ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 60,72,813 ഉം വലിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 28,91,779 മാണ്.
ഇതേ കാലയളവില്‍ 78.5 ലക്ഷം ടണ്‍ ചരക്കുകളുടെയും ധാതുക്കളുടെയും കടത്തും ട്രെയിന്‍ സര്‍വീസ് വഴി നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ചരക്ക് കടത്തിന്റെ തോത് 20 ശതമാനമാണ് വര്‍ധിച്ചത്. പൊതുഗതാഗത രംഗത്തെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സുരക്ഷിതമായ ഗതാഗത മാര്‍ഗമാണ് ട്രെയിനുകള്‍. വിഷന്‍ 2030 ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സൗദിയിലെ റെയില്‍ ഗതാഗതം സുപ്രധാന പങ്കാണ് വഹിക്കുന്നത്.