ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13ന്
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് നടക്കും. പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) ഉയരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും.
ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. 11 ന് 500ലധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. കുട്ടനാട് എംഎല്‍എ തോമസ്സ് കെ തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സിവി ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും