108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി
തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. സര്‍ക്കാറിന്‍റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ ചെലവ് നിയന്ത്രണ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അപകടങ്ങള്‍ അടക്കം അത്യാഹിതങ്ങളില്‍ രോഗികള്‍ക്കും ആശുപത്രികള്‍ക്കും താങ്ങാവുന്നതാണ് 108 ആംബുലന്‍സ് പദ്ധതിയിലെ ജീവനക്കാര്‍ ശമ്പളം മുടങ്ങിയത് മൂലം ദിവസങ്ങളായി സമരത്തിലായിരുന്നു.
സമരം ശക്തമായതിനെ തുടര്‍ന്ന് ആംബുലൻസ് സര്‍വീസ് മുടങ്ങുകയും ഇതേ തുടര്‍ന്ന് അടിയന്തര ശുശ്രൂഷ ലഭിക്കാതെ രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഇന്നലെ ഹോക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് ധനവകുപ്പ് അടിയന്തരമായി 40 കോടി രൂപ അനുവദിച്ചത്.
എല്ലാ ജില്ലകളിലുമായി 315 ആംബുലന്‍സുകളാണ് 108 ആംബുലന്‍സ് പദ്ധതിയിലുള്ളത്. അവയുമായി ബന്ധപ്പെട്ട് 1200-ഓളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡും(കെഎംഎസ്‌സിഎല്‍) 108-ന്‍റെ നടത്തിപ്പ് ഏല്‍പിച്ചിരിക്കുന്ന സ്വകാര്യ ഏജന്‍സി ജിവികെഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസും തമ്മിലുള്ള കരാര്‍ പുതുക്കാത്തതും കേന്ദ്ര, കേരള സര്‍ക്കാറുകളില്‍നിന്നു ലഭിക്കേണ്ട പണം പത്തു മാസമായി മുടങ്ങിയതുമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ കാരണമായത്.