ജനം വിധിയെഴുതി: വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞു
കല്‍പറ്റ: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു.
ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.29 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിലെ പലബൂത്തുകളിലു ആറ് മണി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. ചേലക്കരയില്‍ എഴുപത് ശതമാനത്തിലധികമാണ് പോളിങ്.
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി-61.48, കല്‍പറ്റ-64.24, തിരുവമ്പാടി-65.46, ഏറനാട്-68.12, നിലമ്പൂര്‍-60.98, വണ്ടൂര്‍-63.38 ശതമാനം പോളിങും രേഖപ്പെടുത്തി. ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടിയില്‍ ആകെ പോള്‍ ചെയ്തത് 720 വോട്ടുകള്‍ മാത്രമാണ്. മേപ്പാടിയില്‍ 1168 പേര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇവരില്‍ 112 പേർ ഉരുള്‍പൊട്ടലില്‍ മരിച്ചവരോ കാണാതായവരോ ആണ്.
ചേലക്കരയിലെ സ്ഥാനാര്‍ഥികളായ യുആര്‍ പ്രദീപ്, രമ്യ ഹരിദാസ്, കെ ബാലകൃഷ്ണന്‍ എന്നിവരും ബൂത്തുകളില്‍ എത്തിയിരുന്നു. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 59.28 ശതമാനമാണു പോളിങ്. റാഞ്ചിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ്‌ധോണി ഉള്‍പ്പെടെയുള്ളവര്‍ വോട്ട് രേഖപ്പെടുത്തി