സംഗീതത്തെ ദൃശ്യ വിസ്മയമാക്കി, സുരേഷ് വാഡ്ക്കർ & നിഖിൽ നായരുടെ ‘ലെജൻഡസ് ലൈവ്’
ഗിരിജ വെൽഫെയൽ അസ്സോസിയേഷനുമായി സഹകരിച്ചു കൊണ്ട് നിഖിൽ നായർ ‘അസ്തിത്വ എന്റർടെയിൻമെന്റ് ‘നുവേണ്ടി അണിയിച്ചൊരുക്കിയ പ്രമുഖ പിന്നണി ഗായകൻ സുരേഷ് വാഡ്ക്കറിൻ്റെ
‘ലെജൻഡസ് ലൈവ്’ സംഗീതനിശ, മുംബൈയിലെ സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി മാറി.
മുളുണ്ട് : കാളിദാസ് നാട്യ മന്ദിർ ഹാളിൽ അരങ്ങേറിയ സംഗീത പരിപാടിയിൽ സുരേഷ് വാഡ്ക്കറിനോടോപ്പം ബഹുഭാഷാ ഗായികയും ഗാനരചയിതാവും സംഗീത സംവിധായകയും റിയാലിറ്റി ഷോകളിലെ വിധികർത്താവായും പ്രശസ്തയായ വൈശാലി സാമന്ത് ,മറാത്തി സംഗീത സംവിധായകനും ഗായകനുമായ സ്വപ്നിൽ ഗോഡ്ബോളെ എന്നിവരും ചേർന്ന് വൈവിധ്യങ്ങളായ ഗാനങ്ങളാലപിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് അവിസ്മരണീയമായൊരു സംഗീത രാത്രിയാണ് .
അരങ്ങിൻ്റെ പശ്ചാത്തലങ്ങളിലൊരുക്കിയ പടയണിക്കോലങ്ങളുടെ അലങ്കാര ഭംഗിയിൽ, ശബ്ദ- ദീപ സമന്വയത്തോടൊപ്പം തീർത്ത സംഗീത രാവ്, നിഖിൽ എന്ന മലയാളിയുവാവിൻ്റെ രംഗ സംവിധാനത്തിൻ്റെ മിടുക്കും മികവും കൂടിയാണ് എന്ന് കലാസ്വാദകർ അഭിപ്രായപ്പെട്ടു .
സ്റ്റുഡിയോ ഡയറക്ടറായും , ഇവൻ്റ്റ് കോഓർഡിനേറ്ററുമായി നിരവധി മെഗാഷോകളുടെ പിന്നിൽ പ്രവർത്തിച്ച അനുഭവവുമായാണ് സുരേഷ് വാഡ്ക്കറിൻ്റെ സംഗീത യാത്രയ്ക്ക് നിഖിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അലങ്കാരപ്പെടുത്തിയ വ്യതിരിക്തമായൊരു വേദി, മുളുണ്ടിൽ ഒരുക്കുന്നത് .പ്രേക്ഷകരുടെയും ഗായകരുടേയും പ്രശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയാണ് സ്വതന്ത്രമായി സംവിധാനംചെയ്യപ്പെട്ട ആദ്യത്തെ തൻ്റെ മെഗാഷോയ്ക്ക് നിഖിൽ പരിസമാപ്തി കുറിച്ചത്.
മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമായ രാജശ്രീ മോഹൻ്റെയും സി കെ മോഹൻ കുമാറിൻ്റെയും മകനാണ് നിഖിൽ.
പ്രമുഖരായ നിരവധി മലയാളികളുൾപ്പടെ നിരവധി സംഗീതാസ്വാദകരെ കൊണ്ട് നിറഞ്ഞ സദസ്സിലാണ് ‘ലെജൻഡസ് ലൈവ്’ അവതരിപ്പിക്കപ്പെട്ടത് .ഡോ നീരജ ഗോപിനാഥ്, പി ആർ സഞ്ജയ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ .