ഒരു ഇലക്ട്രിക്കൽ ഇഞ്ചിനീയറെ കാർട്ടൂണിസ്റ്റാക്കി അറിയപ്പെടുത്തിയ നഗരം…!

0

” ജയിംസ് മണലോടി ,വല്യാട്‌ ,പുലിക്കുട്ടിശ്ശേരി എന്ന ദീർഘ നാമമുണ്ടായിരുന്ന എന്നെ ജയിംസ് മണലോടിയാക്കി ചുരുക്കിയത് ‘ലാലുലീല’ എന്ന കാർട്ടൂൺ പംക്തിയിലൂടെ പ്രശസ്തനായ കെ.എസ് .രാജനാണ്. പന്തളം NSS പോളിടെക്ക്നിക്കിൽ നിന്നും ഇലക്ട്രിക് ഇഞ്ചിനീയറിംഗിൽ ഡിപ്ലോമയും കഴിഞ്ഞു മുംബൈയിലേക്ക്‌ വരുമ്പോൾ കൂടെ കൊണ്ടുവരാൻ ഈ ചുരുക്കപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വപ്നങ്ങളൊക്കെ കണ്ടു തുടങ്ങിയത് ബോംബെയിൽ എത്തിയപ്പോഴാണ്. പിന്നീട് കാർട്ടൂണിസ്റ്റ് ജെയിംസ് മണലോടിയാക്കി എന്നെ ലോകത്തെ അറിയിച്ചതും ഇതേ മുംബൈ തന്നെ ! ഇവിടുത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സ്ഥതിവിശേഷങ്ങളെ വരയിലൂടെ പകർത്തിയാണ് ഞാൻ മറുഭാഷക്കാരിലും സുപരിചിതനായി മാറുന്നത് .മഹാരാഷ്ട്ര പബ്ലിക് വർക്‌സ് & ലേബർ ഡിപ്പാർട്ടുമെന്റിൽ ജൂനിയർ ഇഞ്ചിനീയർ ആയി ബോംബെ ജീവിതമാരംഭിച്ച എന്നെ കാർട്ടൂണിസ്റ്റ് ജെയിംസ് മണലോടിയാക്കി മാറ്റിയ ഈ മഹാ നഗരത്തോട് ഒരായിരം നന്ദി !എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ‘എനിക്ക് വരയ്ക്കാൻ കഴിയും ‘ എന്ന ബോധ്യം വന്നത്. പഠിപ്പിക്കുമ്പോൾ സയൻസ് മാഷ് ബോർഡിൽ ഡയഗ്രം വരയ്ക്കാൻ പറയുന്നത് എന്നോടായിരുന്നു. ആസ്ഥാന കലാകാരന്മാരൊക്കെ സ്‌കൂളിൽ നിന്നും വിടപറഞ്ഞപ്പോൾ ഒമ്പതിലും പത്തിലും വരയിൽ ഒന്നാമനായി. .കോളേജ് പഠനകാലത്ത് അവിടെയുള്ള ആസ്ഥാന ആർട്ടിസ്റ്റുകൾ അധികാരം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ വലിയ സംഭാവനകൾ ഒന്നും എനിക്ക് അവിടെ നൽകാൻ  സാധിച്ചില്ല.. പക്ഷെ പന്തളം പോളിടെക്ക്നിക്കിൽ പഠിക്കുന്ന കാലത്ത് എൻ്റെ ഒരു തേരോട്ടം ആയിരുന്നു. മാഗസിൻ എഡിറ്റർ, മികച്ച നടൻ , മികച്ച ക്രിക്കറ്റ് താരം അങ്ങനെ വ്യത്യസ്ത മേഖലകളിലായിരുന്നു ഞാൻ വിരാജിച്ചിരുന്നത്.

എൻ്റെ കാർട്ടൂണുകൾ അന്നത്തെ പൈങ്കിളി വാരികകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയ കാലം .ആദ്യ കാർട്ടൂൺ ‘മനോരമ’യിൽ വരുന്നത് 1976 ലാണ് .പത്ത് രൂപ പ്രതിഫലവും കിട്ടി.
. ഇടമറുക് ‘മനോരാജ്യ’ ത്തിൻ്റെ എഡിറ്റർ ആയിരുന്ന കാലത്ത് എന്റെ കാർട്ടൂണുകൾക്ക് താഴെയുള്ള വലിയ പേരുമാറ്റി, കാർട്ടുണിസ്റ്റ് KS.രാജൻ എന്നെ ജെയിംസ് മണലോടിയാക്കി .

മുംബൈയിൽ സർക്കാർ സ്ഥാപനത്തിൽ ഇഞ്ചിനീയർ ആയി ഇരിക്കുമ്പോഴും കാർട്ടൂൺ വരയ്ക്കുന്നതിലും അത് പ്രസിദ്ധീകരിച്ചു കാണുന്നതിലുമാണ് ഞാൻ കൂടുതൽ സംതൃപ്തി കണ്ടെത്തിയിരുന്നത്. .നിരന്തരം വരച്ചു കൊണ്ടിരുന്നു. കിട്ടുന്ന ഇടവേളകളിലൊക്കെ കേരളത്തിലെ പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കുകയും ബോംബെയെ സംബന്ധമായ ഫീച്ചറുകൾ എഴുതുകയും ചെയ്തു..

ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിരുന്നത് ‘ടൈംസ് ഓഫ് ഇന്ത്യ’ യിൽ വരുന്ന ആർകെ ലക്ഷമൺൻ്റെ
കാർട്ടൂണുകൾ (The Common Man )നോക്കി ഇരിക്കുന്നതിലായിരുന്നു. ചടുലമായ വരകളിലൂടെ സാധാരക്കാരുടെ പ്രശ്നങ്ങൾ വരച്ചെടുക്കുന്നതിലെ സാമൂഹ്യ പ്രസക്തി തന്നെ എന്നും അത്ഭുതപ്പെടുത്തികൊണ്ടിരുന്നു. അതോടൊപ്പം സ്വാധീനിക്കുകയും ചെയ്‌തു .അന്നൊന്നും ഒരു ഇംഗ്ലീഷ് പത്രത്തിൽ എൻ്റെ കാർട്ടൂൺ വരുന്നത് ഞാൻ സ്വപ്‌നം പോലും കണ്ടിരുന്നില്ല.അസാധ്യമായ കാര്യങ്ങൾ സ്വപ്നം കാണുന്നതിൽ അർത്ഥമില്ലല്ലോ…! പക്ഷേ കാലം ആ ചിന്ത തിരുത്തി തന്നു .

സർക്കാർ ജോലി തനിക്കു പറ്റിയതല്ല എന്ന തോന്നൽ വന്ന ഒരു ദിവസം ജോലി ഉപേക്ഷിച്ചു.പിന്നീട് ചില സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തു .അതിനിടയിൽ വിവാഹം .പിന്നീട് ഗൾഫിലേക്ക് .അവിടേയും നിൽപ്പ് ഉറച്ചില്ല .തിരിച്ചു മുംബൈയിലേക്ക്‌.
1994-ൽ ഒരു സുഹൃത്തിനെയും കൂട്ടി ‘ഫ്രീപ്രസ്സ് ജേര്ണലിലേക്ക് ‘ പോയി.കാർട്ടൂണിസ്റ്റ് ആകാനുള്ള താൽപ്പര്യം അറിയിച്ചു.പത്രത്തിന്റെ ബിസിനസ്സ്‌ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന പാലാഴി അശോക് കുമാറിന് എന്റെ കാർട്ടൂണുകൾ ഇഷ്ട്ടപ്പെട്ടു.ബിസിനസ്സ് പേജിൽ വരയ്ക്കാൻ തുടങ്ങിയ ശേഷം അവിടെ സ്ഥിര ജോലി ലഭിച്ചു.പിന്നീടത് പ്രധാനപേജിലേയ്ക്കും എഡിറ്റോറിയൽ പേജിലേയ്ക്കും വളർന്നു.തുടർന്ന് ഫ്രീപ്രസ്സിൻ്റെ ഉപ പ്രസിദ്ധീകരണങ്ങളിലേയ്ക്കും അത് വ്യാപിച്ചു.അപ്പോഴേക്കും ഞാൻ കാർട്ടുണിസ്റ്റ് ജെയിംസ് മണലോടിയായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു. അഞ്ചോ ആറോ പേജിലെഴുതികൂട്ടുന്ന സാമൂഹ്യ വിമർശനം ഒരുചെറിയ വരയിൽ ഒതുക്കാൻനല്ലൊരു കാർട്ടുണിസ്റ്റിന് കഴിയും.

ഒരു പുതിയ കാർട്ടുണിസ്റ്റ് മാധ്യമ രംഗത്തുവന്നാൽ അയാളെ നിരീക്ഷിക്കുന്നത് അയാൾ ജോലിചെയ്യുന്ന സ്ഥപനത്തിലുള്ളവർ ആയിരിക്കില്ല . മറിച്ച് മറ്റു പത്ര മാധ്യമങ്ങൾ ആയിരിക്കും.അങ്ങനെ വന്ന പരിചയം മുംബൈ പ്രസ്സ് ക്ലബിലൂടെ വിപുലമായി.അവസരങ്ങൾ ഒഴുകിയെത്താൻ തുടങ്ങി.അന്നത്തെ ബ്ലിട്സും ,ഇല്ലുസ്ട്രറ്റഡ് വീക്കിലിയും പോലെ പ്രസിദ്ധമായിരുന്ന ‘ ദി കറന്റ് ‘ലും ഫ്രീപ്രസ്സിനോടൊപ്പം ഞാൻ വരയ്ക്കാൻ തുടങ്ങി.’97 ൽ ‘ഏഷ്യൻ ഏജി’ൽ ‘സ്റ്റാഫ്‌ കാർട്ടുണിസ്റ്റായി ജോലിയ്ക്ക് കയറി.മഹാരാഷ്ട്ര രാഷ്ട്രീയമായിരുന്നു അതിൽ കൈകാര്യം ചെയ്തിരുന്നത്. അങ്ങനെ വരച്ചുകൊണ്ടിരിക്കുമ്പോൾ ‘ മിഡ് -ഡേ ‘ യിൽ നിന്നും വിളി വന്നു. പക്ഷെ ഏഷ്യൻ ഏജിനെ ഉപേക്ഷിക്കാൻ തോന്നിയില്ല .എന്നാലും ‘Retainer ‘ആയി അതിലും വരച്ചു. ഫ്രീപ്രസ്സ് ,ഏഷ്യൻ ഏജ് ,മിഡ് -ഡേ …കൊക്കിലൊതുങ്ങുന്നതൊക്കെ കൊത്തികൊണ്ട് അങ്ങനെ മുന്നോട്ടു പോയി. അന്ന് ഇന്നത്തെപോലെയല്ല ഓരോ പത്ര സ്ഥാപനത്തിലും നേരിട്ടുപോയി വരയ്ക്കണമായിരുന്നു . വളരെ തിരക്കേറിയ ഒരു കാലം.2001 ൽ കരാർ വ്യവസ്ഥയിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിക്ക് കയറി. തിരക്കേറിയ ഈ കാലഘട്ടത്തിലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങളൊന്നും ഞാൻ ഉപേക്ഷിച്ചിരുന്നില്ല. നിരവധി മുംബൈ മലയാള നാടകങ്ങളിലും വേഷമിടാൻ സാധിച്ചു .മലയാളത്തിലും ഇംഗ്ലീഷിലു മായി ആയിരകണക്കിന് കാർട്ടൂണുകൾ നൂറോളം നാടകങ്ങൾ ..!വരയിലും അഭിനയത്തിലും സജീവമായിരുന്ന മൂന്നു പതിറ്റാണ്ടുകൾ അങ്ങനെ പിന്നിട്ടു.നന്ദി പറയാനുള്ളത് ഈ നഗരത്തോടും സഹൃദയരായ നഗരവാസികളോടുമാണ് .പേരും പ്രശസ്‌തിയും നൽ കിയത് അവരാണ് . നഗരമേ നന്ദി …!”

കാർട്ടൂണിസ്റ്റ് ജെയിംസ് മണലോടി

BOTTOM LINE, MONEY LAL SETH ,TOPZY TURVY ,JEST JAMES ,CRACKERS ,JUST LIKE THAT ,KNOCKOUT PUNCH ,LITTLE ECONOMICS -LITTLE POLITICS -(AIR IN ENGLISH MEDIA )പാഠഭേദം (കലാകൗമുദി )കിഞ്ചനം (ദീപിക )എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി പത്രമാധ്യമങ്ങളിൽ വന്ന കാർട്ടൂൺ പംക്തികളിലൂടെ ജനശ്രദ്ധനേടിയ കലാകാരനാണ് ജെയിംസ് മണലോടി.മുംബൈ- മലയാള കലാസാംസ്‌കാരിക രംഗത്ത് സജീവമായി നില നിൽക്കുമ്പോൾ തന്നെ ഇവിടെയുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ കാർട്ടൂണുകളിലൂടെ സാമൂഹ്യ വിമർശനം നടത്തികൊണ്ടിരുന്ന മറ്റൊരു മലയാളി ഇല്ലാ എന്ന് തന്നെ പറയാം.ജെയിംസ് മണലോടി വ്യത്യസ്തനാകുന്നതും അതുകൊണ്ടാണ്.

വരയിൽ നിരവധി പാരിതോഷികങ്ങൾ ലഭിച്ചുവെങ്കിലും അവാർഡുകൾക്കൊന്നും അദ്ദേഹം കൈനീട്ടിയിട്ടില്ല .മുംബൈ പ്രസ്സ് ക്ളബ്, ‘ഓണറ്ററി അംഗത്വ൦ ‘ നൽകി ആദരിച്ചു എന്ന് മാത്രം !
ഇപ്പോഴും ഫ്രീലാൻസ് കാർട്ടൂണിസ്റ്റായി തൻ്റെ കർമ്മ മേഖലയിൽ ജെയിംസ് സജീവമാണ്.

മുരളീദാസ് പെരളശ്ശേരി

Spread the love

Leave a Reply

Your email address will not be published. Required fields are marked *