വയനാട് ഞങ്ങൾക്ക് തരണം, അത് ഞങ്ങൾ എടുത്തിരിക്കും: സുരേഷ് ഗോപി
കൽപ്പറ്റ: നിങ്ങൾ അനുഗ്രഹിച്ചാൽ വയനാട് ഞങ്ങൾ എടുത്തിരിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനെ ജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കമ്പളക്കാട് നവ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ബിജെപിക്കും മോദിക്കും അമിതി ഷായ്ക്കും വേണം. വയനാട് ഞങ്ങൾക്ക് തരണം. ഇത്തവണ തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെയായിരിക്കരുത്. കേന്ദ്രമന്ത്രിയാകാൻ സാധ്യതയുള്ള ആളെ ആവണം. നവ്യയെ ജയിപ്പിച്ചുവിട്ടാൽ കേന്ദ്ര മന്ത്രിയാക്കി ഞാൻ തീരിച്ചു തരാം- സുരേഷ് ഗോപി പറഞ്ഞു.
ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. അല്ലാതെ ചിലർ പറയുന്നതു പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയാണെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയിട്ടാണ് ജയിച്ചത്. വയനാട്ടുകാർക്കിത് ശിക്ഷ നൽകാനുള്ള അവസരമാണ്. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞു