“പ്രമോദ് മഹാജനെ കൊലപ്പെടുത്തിയതിൽ വൻ ഗൂഢാലോചന !”: പൂനം മഹാജൻ
മുംബൈ: മുൻ കേന്ദ്രമന്ത്രിയും ഒരു കാലത്ത് ബിജെപിയുടെ പ്രധാന നയ തന്ത്രജ്ഞനുമായിരുന്ന പ്രമോദ് മഹാജനെ 2006ൽ കൊലപ്പെടുത്തിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവും മുൻ എംപിയുമായ പൂനം മഹാജൻ .ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൂനം ഈ കാര്യം വെളിപ്പെടുത്തിയത്.“പ്രമോദ് മഹാജൻ്റെ കൊലപാതകം ഒരു വലിയ ഗൂഢാലോചനയായിരുന്നു, അതിനെ കുടുംബത്തിലെ പ്രശ്നമായി മാത്രം കണ്ട് പലരും നിസ്സാരവൽക്കരിച്ചു. അത് ശരിയല്ല. ഇന്നോ നാളെയോ യഥാർത്ഥ വസ്തുത പുറത്തുവരും.” പൂനം അഭിമുഖത്തിൽ പറഞ്ഞു.
“ആദ്യം ആ വ്യക്തിയാണ് (പ്രമോദ് മഹാജൻ്റെ സഹോദരൻ പ്രവീൺ മഹാജൻ ) ട്രിഗർ വലിച്ചതെന്ന് തോന്നുന്നു… തോക്കും ബുള്ളറ്റും അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം പോലും എൻ്റെ പിതാവ് നൽകിയതാകാം. എന്നാൽ ഇതിനുപിന്നിൽ മറ്റൊരു സൂത്രധാരനുണ്ട് .അതാരാണെന്ന് കണ്ടെത്തണം.സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുമെന്ന് വ്യക്തമാക്കിയ പൂനം, കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞു .
“സത്യം എന്നെങ്കിലും വെളിപ്പെടും. കൊലപാതകത്തിന് ശേഷം, സഹോദരങ്ങൾ തമ്മിലുള്ള ശത്രുത പോലുള്ള നിരവധി സിദ്ധാന്തങ്ങൾ ഉയർന്നു, അത് ശരിയല്ല. അത് പണത്തിൻ്റെയോ അസൂയയുടെയോ കുടുംബകാര്യങ്ങളുടെയോ ഫലമായിരുന്നില്ല. സത്യം മൂടിവെക്കാൻ വേണ്ടിയുള്ള ന്യായീകരണങ്ങളായിരുന്നു അതൊക്കെ. ”
മഹായുതി സഖ്യത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പൂനത്തിൻ്റെ വെളിപ്പെടുത്തൽ. സിറ്റിംഗ് എംപിയായിരുന്നിട്ടും പൂനത്തിന് ഈ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രലിൽ നിന്നുള്ള ടിക്കറ്റ് നിഷേധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അവർക്ക് സീറ്റ് ലഭിച്ചില്ല..
താൻ പാർട്ടിയുടെ ഭാഗമാണെന്നും സജീവമായി പ്രചാരണം നടത്തുന്നുവെന്നും പൂനം പറഞ്ഞു.
പൂനത്തിൻ്റെ ‘ഗൂഢാലോചനാ വാദം’ ബിജെപിക്കകത്തും പുറത്തും പലരെയും ഞെട്ടിച്ചിട്ടുണ്ട്. ഗൂഢാലോചനയെ സംബന്ധിച്ച് പൂനത്തിൻ്റെ പക്കൽ എന്തെങ്കിലും തെളിവുകളും രേഖകളുമുണ്ടെങ്കിൽ അത് അന്വേഷണത്തിനായി സർക്കാരിന് കൈമാറണമെന്ന് മുതിർന്ന ബിജെപി മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു.
“പ്രമോദ് മഹാജൻ ഞങ്ങളുടെ നേതാവായിരുന്നു, അദ്ദേഹത്തിൻ്റെ വിയോഗം ഒരു ശൂന്യത സൃഷ്ടിച്ചു. പൂനം പറഞ്ഞത് ഞെട്ടിക്കുന്നതാണ്. സമഗ്രമായ അന്വേഷണം വേണം. വെടിയേറ്റപ്പോൾ ഞാൻ അവിടെ ആശുപത്രിയിലായിരുന്നു. ഏതോ കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നിട്ടും അന്വേഷണം നടന്നെങ്കിലും ഒന്നും പുറത്തുവന്നില്ല”
മുൻ മന്ത്രിയും ബിജെപി നേതാവും നിലവിൽ എൻസിപി (എസ്പി)യുടെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ഏകനാഥ് ഖഡ്സെ പറഞ്ഞു.
.പ്രമോദ് മഹാജനെ 2006 ഏപ്രിൽ 22 ന് മുംബൈയിലെ വർളിയിലെ വീട്ടിൽ വെച്ച് അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ പ്രവീൺ മഹാജനാണ് വെടിവെച്ചത് . മേയ് മൂന്നിന് അദ്ധേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു..പിന്നീട് പ്രവീണിനെ അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. 2010ൽ പരോളിന് പുറത്തെത്തിയ പ്രവീൺ മഹാജൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.