പി പി ദിവ്യക്കെതിരായ സിപിഎം നടപടി അഭിനന്ദനാര്‍ഹം: ബിനോയ് വിശ്വം
കോഴിക്കോട്: പി പി ദിവ്യക്കെതിരായ സിപിഎം നടപടിയെ സ്വാഗതം ചെയ്ത് സിപിഐ. പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിനെ പറ്റി നവീൻ ബാബുവിന്‍റെ കുടുംബം പറഞ്ഞ അതേ അഭിപ്രായം തന്നെയാണുള്ളതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പി പി ദിവ്യക്കെതിരായ സിപിഎം നടപടി അഭിനന്ദനാര്‍ഹമാണ്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള സന്ദേശമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം നേതാക്കള്‍ ദിവ്യയെ കാണാൻ പോയതിൽ പ്രതികരിക്കാനില്ല. സിപിഎം-സിപിഐ തര്‍ക്കമാക്കി വിഷയം മാറ്റാനില്ല. തെരഞ്ഞെടുപ്പുകളെ പണഹിതം ആക്കുന്ന പ്രവണത ഇപ്പോൾ വർധിക്കുന്നുണ്ട്. അതിന്‍റെ പ്രതിഫലനമാണ് പാലക്കാട് കണ്ടത്. അവിടെ പണം ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണം. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ചയാവേണ്ടത്.
ട്രോളി വന്നാൽ അതും ചർച്ചയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സന്ദീപ് വാര്യർ സിപിഐയിലേക്ക് എന്ന വാർത്തയും ബിനോയ് വിശ്വം നിഷേധിച്ചു. സന്ദീപ് വാര്യർ ഇടതുപക്ഷത്തിന് ചേരുന്ന ആശയങ്ങളിലേക്ക് മാറിയാൽ സ്വീകരിക്കാമെന്നും നിലവിൽ സിപിഐയുമായി ചര്‍ച്ച ഒന്നും നടന്നിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.