കലാ സംവാദവും ചിത്രങ്ങളുടെ സ്ലൈഡ് പ്രസന്റ്റേഷനും നാളെ
കണ്ണൂർ: കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഏകാമി ആർട്ട് ഗാലറിയിൽ നടക്കുന്ന ‘സെന്‍സ് ഓഫ് വേര്‍ തിംഗ്സ് ബിലോംഗ് – യുദ്ധാനന്തര ഭൂവിതാനങ്ങള്‍’ എന്ന ഗ്രൂപ്പ് എക്സിബിഷന്റെ ഭാഗമായി ഈ പ്രദർശനത്തിന്റെ ക്യൂറേറ്ററും പ്രമുഖ കലാകാരനും കേരള ലളിതകലാ അക്കാദമി ചെയർമാനുമായ മുരളി ചീരോത്തുമായി കലാനിരൂപകൻ പി സുധാകരൻ നടത്തുന്ന സംവാദം നാളെ (ശനി) വൈകുന്നേരം 4.00ന് ഗ്യാലറി അങ്കണത്ത് വെച്ച് നടക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന ശ്രുതി ശിവകുമാര്‍, വിശ്വതി ചെമ്മന്തട്ട എന്നീ കലാകാരികളുടെ കലാസൃഷ്ടികളുടെ സ്ലൈഡ്പ്രസന്റ്റേഷനും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
ധന്യ എം.സി, ഖദീജ സയാന്‍, പ്രകാശന്‍ കെ.എസ്, ഷാദിയ സി.കെ. എന്നിവരാണ് ഈ പ്രദര്‍ശനത്തിലുള്ള മറ്റ് കലാകാരർ.
നമ്മുടെ കാലത്തെ നിര്‍വ്വചിക്കുന്ന സങ്കീര്‍ണ്ണമായ പാരിസ്ഥിതിക, ദാര്‍ശനിക ഉത്കണ്ഠകൾ അന്വേഷിക്കുന്ന ഈ പ്രദർശനം വ്യത്യസ്ത മാധ്യമങ്ങളിലും ശൈലികളിലും കലാസൃഷ്ടികൾ നടത്തുന്ന കലാകാരരെയാണ് ഒന്നിച്ച് കൊണ്ടുവരുന്നത്. കേരളത്തില്‍ നിന്നുള്ള ആറ് കലാകാരരെ ഒിച്ചുകൊണ്ടുവരുന്ന ഈ പ്രദര്‍ശനം, യുദ്ധം എന്ന ആശയത്തെ അതിന്റെ ഭൗതികമായ സംഘര്‍ഷത്തിനപ്പുറം പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത് എന്ന് ക്യൂറേറ്റർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ എങ്ങിനെ സമകാലിക കലയില്‍ പ്രതിഫലിക്കുന്നു എന്നതിന്റെ ഒരു അന്വേഷണം കൂടിയാണ് ഈ പ്രദര്‍ശനം എന്ന് സംഘാടകർ അറിയിച്ചു. കാലത്ത് 11 മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പ്രദർശനം.