ബാബ സിദ്ദിഖിയുടെ കൊലപാതകം: 2 പേർ കൂടി അറസ്റ്റിൽ, പിസ്റ്റൾ പിടിച്ചെടുത്തു
മുംബൈ∙ ബാന്ദ്ര ഈസ്റ്റിലെ മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പുണെ സ്വദേശികളായ രണ്ടു പേരെ മുംബൈ ക്രൈംബ്രാഞ്ച് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പ്രതികളെയും പുണെയിൽ നിന്ന് പിടികൂടി മുംബൈയിലേക്ക് കൊണ്ടുവന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. പുണെയിലെ കാർവേ നഗർ സ്വദേശികളായ ആദിത്യ രാജു ഗുലങ്കർ (22), റഫീഖ് നിയാസ് ഷെയ്ഖ് (22) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ കേസിലെ രണ്ടു പ്രതികളായ പ്രവീൺ ലോങ്കർ, രൂപേഷ് മൊഹോൾ എന്നിവരുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായി ഇരുവരും പൊലീസിനോട് വെളിപ്പെടുത്തി.
ലോങ്കറും മോഹലും ചേർന്ന് 9 എംഎം പിസ്റ്റളും വെടിയുണ്ടകളും ഗുലാങ്കറിനും ഷെയ്ഖിനും കൈമാറിയിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 9 എംഎം പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. വെടിയുണ്ടകൾ കണ്ടെത്താനും പിടിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ദത്ത നലവാഡെ പറഞ്ഞു. ഒക്‌ടോബർ 12 ന് ബാബ സിദ്ദിഖി (66) മൂന്ന് തോക്കുധാരികളുടെ വെടിയേറ്റാണ് മരിച്ചത്. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോലാണ് കൊലപാതകത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ സംഭവത്തിനു പിന്നിലെ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.