വിമത സ്ഥാനാർത്ഥികൾക്ക് 6 വർഷത്തേ സസ്‌പെൻഷൻ , എംവിഎയ്‌ക്കുള്ളിൽ സൗഹൃദ പോരാട്ടമില്ലെന്ന് രമേശ് ചെന്നിത്തല
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികളായ മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥികൾക്കെതിരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാത്ത പാർട്ടി വിമതരെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് പ്രഖ്യാപിച്ചു.
എംവിഎയ്ക്കുള്ളിൽ എവിടെയും സൗഹൃദ മത്സരങ്ങൾ ഉണ്ടാകില്ല. സ്ഥാനാർത്ഥിത്വം പിൻവലിക്കാത്തവരെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ്സിൻ്റെ എഐസിസി ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാജേന്ദ്ര മുലക് (രാംടെക്), യാദ്‌നിയവൽക്യ ജിച്ച്‌കർ (കറ്റോൾ), ജയശ്രീ പാട്ടീൽ (സാംഗ്ലി), അബാ ബാഗുൽ (പാർവതി), കമൽ വ്യവഹാരെ (കസ്ബ) എന്നിവരും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത ഉറപ്പുകൾ നടപ്പാക്കാൻ തുടങ്ങി, എന്നാൽ ബിജെപി ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കോൺഗ്രസ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് എന്നിവർ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റാലികളെ അഭിസംബോധന ചെയ്യും .തിലക് ഭവനിൽ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് പ്രചാരണ സമിതി യോഗത്തിലാണ് ഇതിന് അന്തിമരൂപമായത്.
“നവംബർ 13, 14, 16, 17, 18 തീയതികളിൽ റാലികളോടെ ഖാർഗെ അഞ്ച് ദിവസം മഹാരാഷ്ട്രയിൽ പര്യടനം നടത്തും . നവംബർ 12, 14, 16 തീയതികളിൽ രാഹുൽഗാന്ധിയും നവംബർ 13, 16, 17 തീയ്യതികളിൽ പ്രിയങ്കയും പ്രചാരണ റാലികളിൽ പ്രസംഗിക്കും. “
രമേശ് ചെന്നിത്തല അറിയിച്ചു.
നവംബർ 10ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ എംവിഎ പ്രകടനപത്രിക പുറത്തിറക്കുമെന്നും മുതിർന്ന എംവിഎ നേതാക്കൾ അവിടെ സന്നിഹിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.