വീണ വിജയന് കുരുക്ക് മുറുകുന്നു, അന്വേഷണ സംഘം തിരുവനന്തപുരത്ത്
തിരുവനന്തപുരം: പിണറായി വിജയൻറെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണസംഘം കെഎസ്ഐഡിസിയിൽ. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലെത്തിയത്. മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.