ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ബാനർ; ജമ്മു കശ്മീർ നിയമസഭയിൽ ബഹളം
ശ്രീനഗർ ∙ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ ഉയർത്തിയതോടെ ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. ജയിലിൽ കഴിയുന്ന ലോക്സഭ എംപി എൻജിനീയർ റാഷിദിന്റെ സഹോദരനും അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎയുമായ ഖുർഷിദ് അഹമ്മദ് ഷെയ്ഖാണ് ബാനർ ഉയർത്തിയത്. കശ്മീരിന് സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370, കശ്മീരിലെ സ്ഥിരം താമസക്കാരുടെ അവകാശങ്ങൾ നിർവചിക്കുന്ന ആർട്ടിക്കിൾ 35എ എന്നിവ പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും എഴുതിയ ബാനറാണ് ഖുർഷിദ് ഉയർത്തിയത്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ പരിഹാരങ്ങൾ തേടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞദിവസം സഭ പാസാക്കിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ സംസാരിക്കവേയാണ് ഖുർഷിദ് ബാനർ ഉയർത്തിയത്. ബാനറുമായി ഖുർഷിദ് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി എത്തിയ ബിജെപി എംഎൽഎമാരുമായി ഉന്തും തള്ളും ഉണ്ടായി.
ഖുർഷിദിനോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അദ്ദേഹം തയാറായില്ല. ഖുർഷിദിൽനിന്ന് ബാനർ പിടിച്ചുവാങ്ങി കീറിക്കളയാൻ ഏതാനും എംഎൽഎമാർ ശ്രമിച്ചതോടെ സഭയിൽ വീണ്ടും സംഘർഷമുണ്ടായി. ഇതേത്തുടർന്ന് സ്പീക്കർ സഭ വേഗത്തിൽ അവസാനിപ്പിച്ചു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും നിയമസഭ പ്രമേയം പാസാക്കി. പിഡിപിയാണ് പ്രമേയം അവതരിപ്പിച്ചത്.