സ്വർണക്കടത്തിലെ വാദം: കപില്‍ സിബലിന് 15.50 ലക്ഷം; 2 കേസുകളില്‍ ഇതുവരെ 1.21 കോടിയിലേറെ
തിരുവനന്തപുരം∙ നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 2024 മേയ് ഏഴിന് സുപ്രീംകോടതിയില്‍ വാദത്തിന് എത്തിയതിനാണ് 15.50 ലക്ഷം നവംബര്‍ 5ന് അനുവദിച്ചത്. ഓരോ സിറ്റിങ്ങിനും ഇത്രയും തുകയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്.
മുന്‍പും ഇതേ കേസില്‍ ഹാജരായതിന് 15.50 ലക്ഷം രൂപ കപില്‍ സിബലിനു നല്‍കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് Vs പി.എസ്.സരിത്തും മറ്റുള്ളവരും എന്ന TP (Crl) 449/2022 എന്ന കേസില്‍ ഹാജരായതിനാണ് ഫീസ് ഇനത്തില്‍ 15.50 ലക്ഷം അനുവദിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അഡീഷനല്‍ ലോ സെക്രട്ടറി എന്‍.ജീവന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സെപ്റ്റംബര്‍ മൂന്നിന് കേസിന്റെ വിചാരണ നടന്നെങ്കിലും കപില്‍ സിബല്‍ ഹാജരായിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റിവയ്ക്കണമെന്ന് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സി.കെ.ശശി ആവശ്യപ്പെട്ടതോടെ കേസ് പിന്നീടു പരിഗണിക്കാന്‍ മാറ്റി. കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജിയിലും കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് കപില്‍ സിബലാണ്. 90.50 ലക്ഷം രൂപ ഇതുവരെ ഈ കേസില്‍ ഫീസായി കൊടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസിലെ 31 ലക്ഷവും കൂടിയായതോടെ രണ്ട് കേസുകളില്‍ മാത്രം കപില്‍ സിബലിന് ഇതുവരെ നല്‍കിയത് 1.21 കോടിയിലേറെയാണ്.
സ്വര്‍ണക്കടത്തു കേസിലെ തുടര്‍വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 ഒക്‌ടോബറിലാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാന്‍ കേരള സര്‍ക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍നിന്നു വിചാരണ മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്. ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇ.ഡി വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുകയായിരുന്നു.
വസ്തുതകള്‍ അടിസ്ഥാനമാക്കിയല്ലാതെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ സ്പീക്കര്‍, മുന്‍ മന്ത്രി എന്നിവര്‍ക്ക് എതിരെയും ആരോപണം ഉണ്ടെന്നു ഇ.ഡി അറിയിച്ചു. ഇ.ഡിക്കെതിരെ കേരള പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതും ഇ.ഡി കോടതിയില്‍ പരാമര്‍ശിച്ചു. കേരള പൊലീസ് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ആരോപണവും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.