‘ദുരിതബാധിതർക്കു പുഴുവരിച്ച ഭക്ഷ്യധാന്യങ്ങൾ’: മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്, സംഘർഷം
മേപ്പാടി∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി വിതരണം ചെയ്തു എന്നാരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. പഞ്ചായത്തിൽനിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികൾ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചൻ വസ്ത്രങ്ങളുമാണെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. പഴയ വസ്ത്രങ്ങളും പുഴുവരിച്ച അരിയുമായി ഓഫിസിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്കു കയറി പ്രതിഷേധമറിയിച്ചു. മേശയും കസേരയും തട്ടിമറിച്ചിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. യുഡിഎഫാണ് മേപ്പാടി പഞ്ചായത്ത് ഭരിക്കുന്നത്. ലഭിച്ച അരിയും റവയും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മൃഗങ്ങൾക്കു പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതരും ആരോപിച്ചു.