‘സിനിമാനയത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട്’: 26 എഫ്ഐആർ, അഡ്വ. മിത സുധീന്ദ്രൻ അമിക്കസ് ക്യൂറി
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്ത് പ്രത്യേകാന്വേഷണ സംഘം. ഇന്നു ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവർ അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി. കേസിൽ അഡ്വ. മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
26 എഫ്ഐആർ റജിസ്റ്റർ ചെയ്തതിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ട് എന്നു സർക്കാർ അറിയിച്ചു. എട്ടെണ്ണത്തിൽ അഞ്ച് അതിജീവിതർ നടപടികളുമായി മുന്നോട്ടുപോകാൻ വിസമ്മതിച്ചു. എന്നാൽ അന്വേഷണവുമായി പ്രത്യേക സംഘം മുന്നോട്ടുപോകുകയാണ്. മറ്റു തെളിവുകളും ശേഖരിക്കാൻ ശ്രമിക്കുന്നു. മൂന്നു കേസുകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മൊഴി തങ്ങളുടേതല്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നും അതിജീവിതർ എന്നു കരുതിയവർ അറിയിച്ചത്.
ഇക്കാര്യത്തിൽ യഥാർഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും അന്വേഷണം പുരോഗമിക്കട്ടെയെന്നും കോടതി വ്യക്തമാക്കിയത്. ഈ കേസിന്റെ കാര്യത്തിൽ സർക്കാർ നന്നായി സഹകരിക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരിക്കുന്ന സിനിമാ നയത്തിന് ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടു കൂടിയുള്ളത് അഭികാമ്യമായിരിക്കും എന്നും കോടതി പറഞ്ഞു.
സിനിമാ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. കൾച്ചറൽ അക്കാദമി ഫോർ പീസ് എന്ന സന്നദ്ധ സംഘടനയും ഇതുസംബന്ധിച്ചു കരട് തയാറാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കി. എല്ലാ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപീക്കാനും ഇതെല്ലാം പരിഗണിച്ചുകൊണ്ട് സിനിമാനയം രൂപീകരിക്കാനും കോടതി നിർദേശിച്ചു. സർക്കാർ ഇപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത് എന്നും കോടതി പറഞ്ഞു. കേസ് വീണ്ടും ഈ മാസം 21 ന് പരിഗണിക്കും.