‘മാലിന്യം ഇങ്ങോട്ടിടുന്നത് മോശമല്ലേ?’: കേരളത്തിന് കത്തെഴുതി കർണാടക, പരിശോധന ശക്തമാക്കി
ബെംഗളൂരു ∙ സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മെഡിക്കൽ, പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണമെന്ന് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കത്തെഴുതി കർണാടക. കഴിഞ്ഞ ദിവസം കേരളത്തിൽനിന്നു മാലിന്യവുമായി എത്തിയ 6 ട്രക്ക് ബന്ദിപ്പുർ മൂലെഹോളെ ചെക്ക്പോസ്റ്റിൽ പൊലീസ് തടഞ്ഞ് 7 പേരെ അറസ്റ്റ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് ചാമരാജ്നഗർ ജില്ലാ ഓഫിസർ പി.ഉമാശങ്കർ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണു ഗുണ്ടൽപേട്ട് പൊലീസ് ട്രക്ക് പിടികൂടിയത്.
ബന്ദിപ്പുർ വനമേഖല, എച്ച്ഡി.കോട്ട, ചാമരാജ്നഗർ, നഞ്ചൻഗുഡ്, മൈസൂരു, മണ്ഡ്യ, കുടക് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിലാണു മാലിന്യം തള്ളുന്നത്. മാസങ്ങൾക്ക് മുൻപ് മൈസൂരുവിൽ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി 2 ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 2020 ജനുവരിയിലും കർണാടക ഇതേ ആവശ്യം കേരളത്തോട് ഉന്നയിച്ചതാണ്. മൂലെഹോളെ, ബാവലി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാൻ കർണാടക വനംവകുപ്പിന് നിർദേശം നൽകി.