സ്വകാര്യ മൂലധനത്തിനു പാർട്ടി എതിരല്ല; എം.വി.ഗോവിന്ദന്.
കണ്ണൂർ: സ്വകാര്യവത്കരണം പുതിയ കാര്യമല്ലെന്നും വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഒരു മുതലാളിത്ത സമൂഹമാണ് ഇന്ത്യ. സംസ്ഥാനത്തിന് മാത്രമായി ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്താനാവില്ല. അപ്പോള്‍ ആ സമൂഹത്തിന്റെ ഭാഗമായി നില്ക്കുന്ന സര്‍ക്കാരിനും ആ കാര്യംകൈകാര്യം ചെയ്യേണ്ടിവരും.
പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ഥികൾക്ക് ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പുതിയ പഠനരീതി സാമൂഹ്യ പ്രതിബദ്ധതയോടെ നിര്‍വഹിക്കാനുള്ള മാറ്റമാണ് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യംവെക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലുള്ള സ്വകാര്യവത്കരണം ഇപ്പോള്‍ തുടങ്ങിയതല്ല. പ്രതിപക്ഷത്തിന്റേത് വിമര്‍ശനമല്ല, നിഷേധാത്മക സമീപനമാണ്. എസ്എഫ്ഐ ഉള്‍പ്പടെയുള്ള എല്ലാവരുമായും ചര്‍ച്ചചെയ്തിട്ടാണ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരിന് ചിലത് അംഗീകരിച്ച് മുന്നോട്ട് പോകേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍പോകുന്ന പുതിയ വിദ്യാഭ്യാസ നയത്തെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുകയാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റണമെങ്കില്‍ വമ്പിച്ച രീതിയിലുള്ള മൂലധനനിക്ഷേപം വേണം. പി.ബി.ഇതിനെ എതിര്‍ത്തിട്ടില്ലെന്നും ഗോവിന്ദന് വിശദീകരിച്ചു.