സ്വകാര്യബസുകൾക്ക് ദൂരപരിധി: വ്യവസ്ഥ നിയമവിരുദ്ധം, റദ്ദാക്കി ഹൈക്കോടതി
കൊച്ചി∙ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഈ ദൂരപരിധി നിശ്ചയിച്ചുള്ള മോട്ടർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ഡി.കെ.സിങ് റദ്ദാക്കിയത്. ഇത്തരമൊരു വ്യവസ്ഥ നിയമവിരുദ്ധമായതിനാല്‍ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമ പാലാ സ്വദേശി ബേബി ജോസഫ് ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കഴിഞ്ഞ മേയ് 3ന് സർക്കാർ അംഗീകാരം നൽകിയ സ്കീമിലെ വ്യവസ്ഥ ഒട്ടേറെ തവണ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ഗുണകരമാണ് പുതിയ വ്യവസ്ഥ അനുസരിച്ചുള്ള റൂട്ട് ദേശസാൽക്കരണ നടപടി എന്ന് കെഎസ്ആർടിസി വാദിച്ചിരുന്നു. സ്കീം നിലവിൽ വന്നതോടെ ദീർഘദൂര റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കാതെ വന്നു. തുടർന്ന്, സ്വകാര്യ ബസുടമകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. നിലവിൽ 140 കിലോമീറ്ററിൽ കൂടിയ റൂട്ടിൽ ‘സേവ്ഡ് പെർമിറ്റ്’ ഉള്ളവരായിരുന്നു ഹർജിക്കാർ. 2020 സെപ്റ്റംബർ 14നാണ് സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്.
നിയമവ്യവസ്ഥ അനുസരിച്ച് കരട് പ്രസിദ്ധപ്പെടുത്തി ഒരു വർഷത്തിനുളളിൽ ബന്ധപ്പെട്ട കക്ഷികളെ കേട്ട് സ്കീം അന്തിമമാക്കണം എന്നിരിക്കെ, സമയപരിധി കഴിഞ്ഞ് സ്കീം അന്തിമമാക്കിയത് നിലനിൽക്കില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. റൂട്ട് ദൈർഘ്യം 140 കിലോമീറ്ററാക്കി പരിമിതപ്പെടുത്തിയ സ്കീം വ്യവസ്ഥ റദ്ദാക്കണമെന്നും വ്യവസ്ഥ പരിഗണിക്കാതെ പെർമിറ്റ് പുതുക്കി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കഴിഞ്ഞ വർഷം സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസിന് പെർമിറ്റ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 140 കിലോമീറ്ററിനു മുകളിൽ സർവീസിന് പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനായിരുന്നു കോടതി നിർദേശം.