‘ബിജെപി നേതാക്കളുടെയും പി.കെ.ശ്രീമതിയുടെയും മുറി പരിശോധിച്ചില്ല; പൊലീസിനെ അടിമക്കൂട്ടമാക്കി’
തിരുവനന്തപുരം∙ കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയും അവർക്ക് സഹായം ചെയ്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യം മറയ്ക്കാനാണ് പാലക്കാട്ടെ ഹോട്ടലിൽ റെയ്ഡ് നാടകം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം, ബിജെപി നേതൃത്വത്തിന്റെ അറിവോടെ നടന്ന റെയ്ഡ് നാടകം ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘത്തിന്റെ പിന്തുണയോടെ, മന്ത്രി എം.ബി.രാജേഷ് ബിജെപി നേതാക്കളുടെ അറിവോടെ നടത്തിയതാണ് റെയ്ഡിന്റെ തിരക്കഥ.
എം.ബി.രാജേഷിന് മന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല. രാജേഷിന്റെ രാജിക്കായി തിരഞ്ഞെടുപ്പിനുശേഷം സമരപരിപാടികളുമായി മുന്നോട്ടു പോകും.ഇതുവരെ ഉണ്ടാകാത്ത ഗൂഢാലോചനയാണ് പാലക്കാട് നടന്നത്. റെയ്ഡിനെക്കുറിച്ചുള്ള പൊലീസ് വിശദീകരണത്തിൽ വൈരുധ്യമുണ്ട്. കോൺഗ്രസ് വനിതാ നേതാക്കളെ അപമാനിക്കാനാണ് റെയ്ഡ് നടത്തിയത്. വനിതാ പൊലീസില്ലാതെ മുറിയിൽ കയറാൻ കഴിയില്ലെന്ന് റെയ്ഡിനിടെ ബിജെപിയുടെ വനിതാ നേതാക്കൾ വ്യക്തമാക്കി.
പിന്നീട് വനിതാ പൊലീസ് വന്നിട്ടും ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയില്ല. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ മുഴുവൻ വസ്ത്രങ്ങളും വലിച്ച് നിലത്തിട്ട് പൊലീസ് അലങ്കോലമാക്കി. കേരള പൊലീസിനെ നാണംകെട്ട പൊലീസാക്കി, അടിമക്കൂട്ടമാക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ ഭരണത്തിന്റെ അവസാനമായെന്ന് ഓർക്കണം.
കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. ഒരു കാരണവശാലും ഇത് ക്ഷമിക്കില്ല. റെയ്ഡ് നടത്തിയിട്ട് പൊലീസിന് ഒന്നും ലഭിച്ചില്ല. പാർട്ടി ചാനലിനെ അറിയിച്ചിട്ടാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനു മുൻപ് ഹോട്ടലിൽ ബിജെപി –സിപിഎം പ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു. പണപ്പെട്ടി പൊലീസ് അന്വേഷിക്കേണ്ടത് ക്ലിഫ് ഹൗസിലാണ്. അവിടെയാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളത്. തിരിച്ചറിയൽ കാർഡുപോലുമില്ലാതെയാണ് മഫ്ടി പൊലീസ് വന്നത്. മുറി റെയ്ഡ് ചെയ്യുമ്പോൾ സാക്ഷികൾ വേണം.
ഏറെ നേരത്തിനുശേഷമാണ് ആർഡിഒ അടക്കമുള്ളവർ വന്നത്. റെയ്ഡ് നടന്നത് അറിഞ്ഞില്ലെന്ന് ആർഡിഒ പറഞ്ഞു. അപകടത്തിലായ ബിജെപി നേതാക്കളെ സഹായിക്കാനാണ് റെയ്ഡ് നാടകം. ബിജെപി കുഴൽപ്പണക്കേസിൽ നാണംകെട്ട് നിൽക്കുകയാണ്. അതിന് കുടപിടിച്ച പിണറായി ഇളിഭ്യനായി നിൽക്കുന്നു. അവരെ രണ്ടുപേരെയും രക്ഷിക്കാനായി നടത്തിയ നാടകം പൊളിഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ മുറിയുടെ തൊട്ടടുത്താണ് സിപിഎം നേതാവ് പി.കെ.ശ്രീമതി താമസിച്ചത്. അവരുടെ മുറി പൊലീസ് പരിശോധിച്ചില്ലെന്നും സതീശൻ പറഞ്ഞു.