‘ഒരു മുന്നണിയെ പോലെയാണ് സിപിഎം– ബിജെപി നേതാക്കൾ; പൊലീസ് പരിശോധന ഗൂഢാലോചന’

0

 

കോഴിക്കോട്∙  കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ‘‘സംഭവത്തിൽ എനിക്കും പാലക്കാടിനും പ്രതിഷേധമുണ്ട്. ആ പ്രതിഷേധം ഞാനിപ്പോൾ‌ രേഖപ്പെടുത്തുന്നു. പാലക്കാട് 20ന് രേഖപ്പെടുത്തും’’– രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണത്തോട് ആരും സഹകരിക്കാതിരുന്നിട്ടില്ല.

വനിതാ പൊലീസുമായി വരാനാണ് കോൺഗ്രസ് വനിതാ നേതാക്കൾ പറഞ്ഞത്. അവർ മുറി പൂട്ടി എങ്ങുംപോയില്ല. മാധ്യമങ്ങളും അവിടെയുണ്ടായിരുന്നു. വനിതാ പൊലീസ് വന്ന് മുറി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. അടിസ്ഥാനരഹിതമായ ആരോപണമാണ് സിപിഎമ്മും ബിജെപിയും ഉന്നയിച്ചത്. ഞാൻ ഹോട്ടൽ മുറിയിൽ പണമുള്ള പെട്ടിയുമായി നിൽക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കോഴിക്കോടായിരുന്ന ഞാന്‍ എങ്ങനെയാണ് പാലക്കാട്ടെ ഹോട്ടലിൽ ഉണ്ടാകുന്നത്?– രാഹുൽ ചോദിച്ചു.

രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് എഎസ്പി പറഞ്ഞത്. സിപിഎം, ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അവരുടെ മുറിയിൽ എന്തെങ്കിലും ദുരൂഹതയുണ്ടായിട്ടാണോ പൊലീസ് പരിശോധിച്ചത്. ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതിൽ സിപിഎമ്മിന് ഒരു പ്രശ്നവുമില്ല. ഒരു മുന്നണിയെപോലെയാണ് സിപിഎം– ബിജെപി നേതാക്കൾ പ്രവർത്തിച്ചത്. കേരള പൊലീസ് എന്റെ നിയന്ത്രണത്തിലല്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ട് പത്തു മാസമേ ആയിട്ടുള്ളൂ. അതിൽ ഒരുമാസം ജയിലിലിട്ടു. അങ്ങനെയുള്ള പൊലീസ് എനിക്ക് സഹായം ചെയ്യുമോയെന്നും രാഹുൽ ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *