വയോധികയെ കൊന്നത് ആഭരണങ്ങൾക്കായി; ട്രോളി ബാഗിലാക്കി മൃതദേഹം ട്രെയിനിൽ ചെന്നൈയിലെത്തിച്ചു
ചെന്നൈ ∙ ആഭരണങ്ങൾക്കായി വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച സ്വർണപ്പണിക്കാരനും മകളും അറസ്റ്റിലായി. സേലം സ്വദേശികളും നെല്ലൂർ സന്തപ്പേട്ട നിവാസികളുമായ ബാലസുബ്രഹ്മണ്യം (43), 17 വയസ്സുള്ള മകൾ എന്നിവരാണു പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്. മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണു ബാലസുബ്രഹ്മണ്യം ആദ്യം മൊഴി നൽകിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ, മോഷണത്തിനു വേണ്ടിയാണെന്ന് സമ്മതിച്ചു. ധാരാളം ആഭരണം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു കൊലപ്പെടുത്തിയത്.
കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ചു കൊന്ന ശേഷം താലിമാല, മറ്റൊരു സ്വർണമാല, കമ്മൽ എന്നിവ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി, നെല്ലൂരിൽനിന്നു സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്കു സമീപം മിഞ്ചൂരിൽ ഇറങ്ങി. ബാഗ് ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നു പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക്കിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.