‘മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസം’: മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി

0

ന്യൂഡൽഹി∙  മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനവിധി. സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിന് എതിരാണ് മദ്രസ നിയമമെന്ന് ഹൈക്കോടതി വിലയിരുത്തിയതു തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ളതു പരമാധികാരം അല്ലെന്നും ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി വിധിയിൽ നിരീക്ഷിച്ചു. വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപിയിലെ മദ്രസ നിയമത്തിനുണ്ട്. ഒപ്പം, അതു ന്യൂനക്ഷ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അതേസമയം, ഫാസിൽ, കാമിൽ ബിരുദങ്ങളിലൂടെ ഉന്നത വിദ്യഭ്യാസത്തെ നിയന്ത്രിക്കുന്ന മദ്രസ നിയമത്തിലെ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നും അവ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ മാർച്ചിലാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് റദ്ദാക്കിയത്. മതനിരപേക്ഷതയ്ക്ക് എതിരാണ് വ്യക്തമാക്കിയായിരുന്നു നടപടി. മദ്രസ വിദ്യാർഥികളെ ഔപചാരിക സ്കൂൾ സംവിധാനത്തിലേക്ക് ചേർക്കാനും ഉത്തരവിട്ടിരുന്നു. നിയമം ഭരണഘടനാവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.എസ്. റാത്തോഡ് എന്നയാൾ നൽകിയ ഹർജിയിലായിരുന്നു നടപടി. ഇതിനെതിരായ ഹർജികളിൽ ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ മദ്രസകളെ നിയന്ത്രിക്കാനും സർക്കാർ ധനസഹായം അവസാനിപ്പിക്കാനും സർക്കുലർ അയച്ച ബാലാവകാശ കമ്മിഷനെതിരെ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്താണ് കമ്മിഷന് അമിത ഉത്സാഹമെന്നും മറ്റു മതപഠനസ്ഥാപനങ്ങളുടെ കാര്യത്തിലും സമാന നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു കോടതി ചോദിച്ചത്. വിധി പകർപ്പിന്റെ പൂർണ രൂപം പുറത്തുവരുമ്പോഴേ ഇതു സംബന്ധിച്ച വിശദാംശങ്ങളുണ്ടാകുമോ എന്നു വ്യക്തമാകൂ. യുപിയിൽ കാൽ ലക്ഷത്തോളം മദ്രസകളുണ്ടെങ്കിലും ഇവയിൽ 16,000 മദ്രസകൾക്കാണ് മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *