ഷൊർണൂർ ട്രെയിൻ അപകടം: പ്രതിഷേധം അറിയിച്ച് സംസ്ഥാനം; അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

0

 

തിരുവനന്തപുരം∙ ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ച് സംസ്ഥാനം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു നിയോഗിക്കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ ദുരന്തങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റെയില്‍വേ ട്രാക്കില്‍ സുരക്ഷിതമായി എങ്ങനെ ജോലി ചെയ്യണമെന്ന് പരിശീലനമോ ബോധവല്‍ക്കരണമോ ലഭിക്കാത്തവരാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരത്ത് ആമിഴയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ച സംഭവവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച ഗൗരവമായി പരിഗണിക്കണമെന്നും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും റെയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം റെയില്‍വേ നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും മൃഖ്യമന്ത്രി ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കു 3.05നു പാലക്കാട് – തൃശൂര്‍ ലൈനിലെ ഷൊര്‍ണൂര്‍ പാലത്തില്‍ തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് തട്ടിയാണു ദമ്പതികള്‍ അടക്കം നാല് പേര്‍ മരിച്ചത്. ഒറ്റപ്പാലത്തു വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂര്‍ സ്വദേശികളായ ലക്ഷ്മണന്‍ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ (48) എന്നിവരാണു മരിച്ചത്.

പുഴയുടെ മറുകരയില്‍ വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നു മാലിന്യം എടുത്തു നടന്നുവരികയായിരുന്ന 10 തൊഴിലാളികളില്‍ 4 പേരാണ് അപകടത്തില്‍പെട്ടത്. വളവായതിനാല്‍ ട്രെയിന്‍ എത്തിയത് ഇവര്‍ കണ്ടില്ല. തൊട്ടടുത്ത് എത്തിയപ്പോഴാണ് ഇവരെ കണ്ടതെന്നും ഹോണ്‍ മുഴക്കിയെങ്കിലും അവര്‍ക്കു മാറാന്‍ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ട്രാക്ക് ശുചീകരിക്കാന്‍ കരാറെടുത്തയാള്‍ ഒരു ദിവസത്തേക്കായി എത്തിച്ചതാണ് ഇവരെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *