കാനഡയിൽ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാനികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

0

 

ഒട്ടാവ∙ കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്കുനേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്. ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ‘‘ അക്രമത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെപിടിക്കാനുള്ള അവകാശമുണ്ട്’’–ട്രൂഡോ പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.

വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികൾ എത്തിയത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും, അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. ഖാലിസ്ഥാൻ വാദികൾ അതിരുകൾ ലംഘിച്ചിരിക്കുകയാണെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *