നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റ ഒരാൾകൂടി മരിച്ചു, മരണം നാലായി
കാഞ്ഞങ്ങാട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 3 പേർകൂടി മരിച്ചു. കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞദിവസം മരിച്ച സി.സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി. കൊല്ലംപാറയിൽ വാൻ ഡ്രൈവറാണ് ബിജു.ബസ് കണ്ടക്ടറായിരുന്നു. ഭാര്യ മഞ്ജു. മക്കൾ: ആദിശങ്കർ, അദ്വൈത്. പുഷ്പരാജന്റെയും ഷീബയുടെയും മകനാണ് ഷിബിൻരാജ്. സഹോദരി: ഷിബിന.
മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്. ഒക്ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികളുടെ ജാമ്യം ഇന്നലെ കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.