‘രാജിവച്ചില്ലെങ്കിൽ ബാബാ സിദ്ദിഖിയെപ്പോലെ കൊന്നുകളയും’: യോഗി ആദിത്യനാഥിനെതിരെ വധഭീഷണി
മുംബൈ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിനു ഭീഷണി സന്ദേശം. പത്തു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചില്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണു ഭീഷണി സന്ദേശത്തിൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്. സമാനമായ നിരവധി വധഭീഷണികളാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ നേർക്കും ഉയരുന്നത്.
ഇന്നലെ വൈകിട്ടാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ് ഹെൽപ്ലൈൻ നമ്പറിൽ വധഭീഷണി സന്ദേശമെത്തിയത്. സന്ദേശമയച്ച ആളെ കണ്ടെത്താനുള്ള നീക്കം മുംബൈ പൊലീസ് തുടങ്ങി. അതിനിടെ, യോഗി ആദിത്യനാഥിന്റെ സുരക്ഷാ സംഘം കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈ പൊലീസിന് നിരവധി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതിനു 15 ദിവസങ്ങൾക്കുമുൻപ് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയിലിരിക്കെയാണ് കൊലപാതകം.